| Friday, 24th March 2023, 8:28 am

മൂന്നാം മുന്നണി ചർച്ചയില്ല; രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ശക്തവും ശാശ്വതവുമാക്കുമെന്ന് നവീൻ പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂവനേശ്വർ: രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ശക്തവും ശാശ്വതവുമാക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാമർശം. മൂന്ന് ദിവസത്തെ ഒഡീഷ സന്ദർശനത്തിന് എത്തിയതായിരുന്നു മമത.

പട്‌നായിക്കിന്റെ വസതിയായ നവീൻ നിവാസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

“രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ശാശ്വതവും ശക്തവുമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മറ്റൊരു രാഷ്ട്രീയ ചർച്ചയും ഉണ്ടായിട്ടില്ല, ” കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നവീൻ പട്‌നായിക് പറഞ്ഞു. നവീൻ ജി പറഞ്ഞതിനെ പിന്തുണക്കുന്നുവെന്നും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചർച്ച നടത്തിയെന്നും മമത ബാനർജിയും പറഞ്ഞു.

കോൺഗ്രസ്‌ ഇതര പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയാണെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ.

നേരത്തെ മമത ബാനർജിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ മറ്റ് പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്തുമെന്ന് ടി.എം.സി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാലസഖ്യത്തിൽ നിന്ന് വേറിട്ട് ‘മൂന്നാം മുന്നണി’ക്കുള്ള പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ ഇരുവരും ഔദ്യോഗികമായി നിഷേധിച്ചിരുന്നു.

ഗൗരവതരമായ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നില്ലെന്നും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും ആയിരുന്നു ഇരു നേതാക്കളുടെയും പരാമർശം.

Content Highlight: Will make federal structure ‘strong, permanent’ says Naveen patnaik after meet with Mamata Banerjee

We use cookies to give you the best possible experience. Learn more