| Wednesday, 23rd June 2021, 8:34 pm

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കും; ചാനല്‍ ചര്‍ച്ചയ്ക്ക് ആര് പോകണമെന്ന് തീരുമാനിക്കുക കെ.പി.സി.സി; പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കെ.പി.സി.സി. ജംബോ കമ്മറ്റിയുണ്ടാവില്ലെന്ന് പുതിയ പ്രസിഡന്റ് കെ. സുധാകരന്‍. ഇനിമുതല്‍ കെ.പി.സി.സി. 51 അംഗ കമ്മിറ്റിയായിരിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ് ഉണ്ടാവുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിന് താഴെ സെക്രട്ടറിമാര്‍ ഉണ്ടാകും ഇവരെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. കെ.പി.സി.സിയില്‍ സ്ത്രീ, ദലിത് പ്രതിനിധികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് പത്ത് ശതമാനം ഭാരവാഹിത്വം എല്ലാ മേഖലകളിലും ഉറപ്പാക്കും. എസ്.എസി., എസ്.ടി. മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.

പരാജയത്തിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി മൂന്ന് അംഗങ്ങളുള്ള അഞ്ച് മേഖല കമ്മിറ്റികളെ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ ആര് പങ്കെടുക്കണമെന്ന് കെ.പി.സി.സി. തീരുമാനിക്കും. അച്ചടക്കരാഹിത്യത്തിന് അറുതി വരുത്താന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരായ പരാതി പഠിച്ച് നടപടിയുണ്ടാകും.

താഴേത്തട്ടില്‍ ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി, വാര്‍ഡ്, ബുത്ത്, മൈക്രോ ലെവല്‍ കമ്മിറ്റികള്‍ (അയല്‍ക്കൂട്ടം) എന്നിങ്ങനെ പുനസംഘടിപ്പിക്കും. 30മുതല്‍ 50വരെ വീടുകളാകും ഈ അയല്‍ക്കൂട്ട കമ്മിറ്റികളിലുണ്ടാവുക.

രാഷ്ട്രീയ പഠനത്തിന് പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കും ഇതിലൂടെ താഴെത്തട്ടിലുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Will make Congress a semi-cadre party; KPCC decides who should go for channel discussion; Sudhakaran announces new decisions

We use cookies to give you the best possible experience. Learn more