| Saturday, 25th April 2020, 10:27 am

ലോക്ക് ഡൗണിലെ പുതുക്കിയ ഇളവ്; മദ്യവില്‍പ്പന ശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി ഇന്നലെ അര്‍ധരാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.

ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗര പരിധിയ്ക്ക് പുറത്തുള്ള ചെറിയ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ തുറക്കുന്ന കടകള്‍ പകുതി ജീവനക്കാരെ വച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു. ഷോപ്പിങ്ങ് മാളുകള്‍ ഹോട്ട് സ്‌പോട്ട് മേഖലകളിലെ കടകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

പുതുക്കിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇളവുകള്‍ മദ്യവില്‍പ്പന ശാലകള്‍ക്കും ബാറുകള്‍ക്ക് ബാധകമാണോ എന്നായിരുന്നു വലിയൊരു വിഭാഗവും അന്വേഷിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ മദ്യവില്‍പ്പന ശാലകളും ബാറുകളും തുറക്കാന്‍ അനുമതിയില്ല.

ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ ബാധകമാകുകയെന്നും എന്നാല്‍ മദ്യവില്‍പ്പന ശാലകള്‍ ഈ ആക്ടിന് കീഴിലല്ലെന്നും അത് മറ്റൊരു വകുപ്പാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ തന്നെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

നേരത്തെ അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 14 മുതല്‍ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ മദ്യവില്‍പ്പന ശാലകള്‍ പൂട്ടുകയായിരുന്നു.

ഏപ്രില്‍ 15 ന് പുറത്തിറക്കിയ ലോക്ക് ഡൗണ്‍ ഉത്തരവില്‍ രാജ്യത്തെ മദ്യവില്‍പ്പന ശാലകളോ ബാറുകളോ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തിന് പിന്നാലെയായിരുന്നു മദ്യവില്‍പ്പന ശാലകള്‍ അടച്ചത്.

ഇതിനിടെ രാജ്യത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്യ നിര്‍മ്മാതാക്കളുടെ സംഘടന കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.

നിയമ പ്രകാരം മദ്യം ഭക്ഷ്യവസ്തു ആയതിനാല്‍ സാമൂഹിക അകലം പാലിച്ച് മദ്യവില്‍പ്പന നടത്തുന്നതിന് തങ്ങളെ അനുവദിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

ഡിയാജിയോ, ബകാര്‍ഡി തുടങ്ങിയ മദ്യ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍’ ആയിരുന്നു ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധി നേരിടുന്നതായി കാണിച്ച് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നത്.

മദ്യം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006ന്റെ കീഴില്‍ ഭക്ഷ്യവസ്തു ആണെന്നും ഈ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആണെങ്കിലും തങ്ങളെ വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകള്‍ അടച്ചതോടു കൂടി വ്യാജ മദ്യ വില്പന സജീവമായതായും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സംഘടന കേന്ദ്ര ഉപഭോക്തൃ വകുപ്പിന് നല്‍കിയ കത്തില്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more