പി.എസ്.ജിക്ക് വേണ്ടി തരക്കേടില്ലാത്ത വിധം കളിച്ചിട്ടും വലിയ വിമർശനങ്ങളാണ് മെസിക്കെതിരെ ഉയർന്ന് വരുന്നത്.
പരാജയപ്പെടുന്ന മത്സരങ്ങളിലും വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത മത്സരങ്ങളിലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മെസിയേയും നെയ്മറെയും പോലുള്ള താരങ്ങൾക്കെതിരെ പി.എസ്.ജിയിൽ നിന്നും തന്നെ ഉയർന്ന് വരുന്നത്.
കൂടാതെ പ്രകടനം മോശമാണെന്ന രീതിയിൽ പി.എസ്.ജി ആരാധകർ മെസിയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.
ഈ സംഭവവികാസങ്ങൾക്കൊക്കെ ശേഷം മെസിയുടെ പി.എസ്.ജിയിലെ ഭാവി എന്താവും എന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് പ്രമുഖ സ്പോർട്സ് മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ.
റെന്നെസിനെതിരെയുള്ള മത്സരത്തിലെ പി. എസ്.ജിയുടെ പരാജയത്തിന് ശേഷമാണ് മെസിയുടെ പി.എസ്.ജിയിലെ ഭാവിയെക്കുറിച്ച് റൊമാനോ എഴുതിയത്.
കോട്ട് ഓഫ്സൈഡിൽ എഴുതുന്ന തന്റെ കോളത്തിലാണ് മെസിയുടെ പാരിസ് ക്ലബ്ബിലെ ഭാവിയെക്കുറിച്ച് റൊമാനൊ എഴുതിയത്.
“എന്റെ അറിവിൽ പി.എസ്.ജി മെസിക്ക് മുൻപിലേക്ക് ഒരു കരാർ പ്രൊപ്പോസൽ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ക്ലബ്ബിന്റെ അടുത്ത കോച്ച് ആരെന്നും മറ്റ് വിവരങ്ങൾക്കുമായി കാത്തിരിക്കുകയാണ്.
പി.എസ്.ജി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളിൽ ചർച്ചയിലാണ് മെസിയിപ്പോൾ,’ ഫാബ്രിസിയോ റൊമാനോ എഴുതി.
പാരിസ് ക്ലബ്ബിനായി ഈ സീസണിൽ ഇതുവരെ 32 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
അതേസമയം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങിയതിന് ശേഷമായിരുന്നു മെസിയെ പി.എസ്.ജി അൾട്രാസ് കൂവി വിളിച്ചത്. ഇതിനെത്തുടർന്ന് വലിയ വിമർശനങ്ങളാണ് അൾട്രാസിനെതിരെ ഉയർന്ന് വന്നത്.
നിലവിൽ ലീഗ് വണ്ണിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.