| Saturday, 8th April 2023, 1:42 pm

മെസിയും റൊണാൾഡോയും സൗദിയുടെ മണ്ണിൽ കളിക്കുമോ? കൂടുതൽ വിവരങ്ങൾ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളാണ് മെസിയും റൊണാൾഡോയും.
ഇരു താരങ്ങളും ബാഴ്സക്കും റയലിനുമായി കളിച്ചിരുന്ന കാലത്തെ പരസ്പരമുള്ള പോരാട്ടങ്ങൾ ഫുട്ബോൾ ലോകത്ത് ഇപ്പോഴും ചർച്ചാ വിഷയമാണ്.

പിന്നീട് റൊണാൾഡോ റയൽ മാഡ്രിഡ്‌ വിട്ട് യുവന്റസിലേക്ക് ചേക്കേറിയതോടെ ഇരുവരും തമ്മിലുള്ള പോരാട്ടങ്ങൾക്ക് അന്ത്യമായിരുന്നു. യുവന്റസിൽ നിന്നും ക്ലബ്ബുകൾ മാറി ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കെത്തിച്ചേർന്നിരിക്കുകയാണ്   റൊണാൾഡോ  .

പാരിസ് ക്ലബ്ബായ പി.എസ്.ജിയിലാണ് മെസി നിലവിൽ കളിക്കുന്നത്. എന്നാൽ വരുന്ന ജൂൺ മാസത്തിൽ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന മെസിയുടെ അടുത്ത സങ്കേതമെവിടെ എന്ന ചർച്ചയിലാണ് സമൂഹ മാധ്യമങ്ങൾ.

മെസിക്കായി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ 400 മില്യൺ യൂറോയുടെ വമ്പൻ ഓഫർ മുന്നോട്ട് വെച്ചു എന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ മെസി ഈ ഓഫർ സ്വീകരിക്കുമോ എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
മെസി പി.എസ്.ജി വിടുമെന്ന് ആർ.എം.സി സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും താരം സൗദിയിൽ കളിക്കാൻ സാധ്യത കുറവാണെന്നാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2021ൽ ബാഴ്സയിലെ സാമ്പത്തിക പ്രതിസന്ധികളെയും ക്ലബ്ബ് മാനേജ്മെന്റുമായുള്ള തർക്കങ്ങളേയും തുടർന്ന് ബാഴ്സലോണ വിട്ട മെസി തിരിച്ച് തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ മടങ്ങിപ്പോകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

മെസി ബാഴ്സയിൽ കളിക്കണമെന്ന് വലിയ ഒരു കൂട്ടം ആരാധകരും ആഗ്രഹിക്കുന്നുണ്ടെങ്കിലും താരവും റൊണാൾഡോയുമായുള്ള പോരാട്ടം ആഗ്രഹിക്കുന്ന ആരാധകരുടെ എണ്ണവും ഫുട്ബോൾ ലോകത്ത് തുച്ഛമല്ല.

അതേസമയം അൽ ഹിലാലിനെ കൂടാതെ അമേരിക്കൻ ഫുട്ബാൾ ക്ലബ്ബായ ഇന്റർ മിയാമിയും ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനും മെസിയെ സൈൻ ചെയ്യാൻ താത്പര്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

Content Highlights:Will Lionel Messi and Ronaldo play eachother in Saudi Arabia reports

We use cookies to give you the best possible experience. Learn more