| Friday, 15th November 2013, 3:34 pm

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടും: ജോണി നെല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തൂശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് ജോണി നെല്ലൂര്‍.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ധിക്കാരപരമാണെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫിന് ആധിപത്യമുള്ള മണ്ഡലങ്ങളെയാണ് പ്രസ്തുത റിപ്പോര്‍ട്ട് ബാധിക്കുക. ഇത് അംഗീകരിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നിലം തൊടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെന്ന നിലയ്ക്ക തങ്ങളുടെ നിലനില്‍പ്പിനെയും ബാധിക്കപ്പെടുമെന്നതിനാല്‍ ഭരണ പങ്കാളിത്തം ഉപേക്ഷിക്കലും മുന്നണിവിടലുമുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ജോണി നെല്ലൂര്‍.

20ാം തിയ്യതി തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി അടിയന്തിര യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലിനെയും ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി മടത്തുന്ന സമരത്തെയും പിന്തുണക്കുമെന്നും ജോണി നെല്ലൂര്‍  അറിയിച്ചു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായുള്ള സമരം രാഷ്ട്രീയവത്കരിക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെന്ന് കെ.സുധാകരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ലക്ഷ്യമിടുകയാണ് സി.പി.ഐ.എം എന്നും കൊട്ടിയൂരിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ പുറത്ത് നിന്നുള്ള ക്രിമിനലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more