സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടും: ഫോര്‍വേര്‍ഡ് ബ്ലോക്ക്
national news
സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടും: ഫോര്‍വേര്‍ഡ് ബ്ലോക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2018, 7:53 am

ന്യൂദല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടുമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ബംഗാള്‍ സെക്രട്ടറി നരേന്‍ ചാറ്റര്‍ജി. ഇക്കാര്യം സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ചാറ്റര്‍ജി പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ലാഭമൊന്നുമില്ല. ഇടതുപക്ഷത്തിന് നഷ്ടമാണ് സംഭവിക്കുക. എന്നാലും അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം പോയാല്‍ മുന്നണി വിടുമെന്ന് ഇന്നലെ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാറ്റര്‍ജി പറഞ്ഞു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. സഖ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് പരാജയങ്ങളുണ്ടാവും. ചാറ്റര്‍ജി പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെയും തൃണമൂലിനെയും നേരിടുന്നതിനായി കോണ്‍ഗ്രസുമായി ധാരണ ആലോചിക്കുന്ന സി.പി.ഐ.എമ്മിനെതിരെ ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.പി.ഐ എന്നിവയില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ട്.

അതേ സമയം ഫോര്‍വേര്‍ഡ് ബ്ലോക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും അതില്‍ തെറ്റില്ലെന്നും സി.പി.ഐ.എം നേതാവ് റബിന്‍ ദേബ് പറഞ്ഞു.