കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസം ഒഴിവാക്കാനുള്ള നീക്കം ബെംഗളൂരുവിലെ ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്സ് (ഇസ്‌കോണ്‍) എന്ന സംഘടനയ്ക്ക് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്‌കോണ്‍ അക്ഷയപാത്ര എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. അക്ഷയപാത്രയില്‍ മാംസഭക്ഷണമില്ല. പൂര്‍ണമായും സസ്യഭക്ഷണമാണ്. വെളുത്തുള്ളിയും സാധാരണ ഉള്ളിയും സവാളയും ഇസ്‌കോണ്‍ ഉപയോഗിക്കാറില്ല.
ഈ സംഘടന നല്‍കുന്ന ഭക്ഷണത്തിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് ഭക്ഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട ഒരു യോഗം 2021 ജനുവരി 27ന് ദ്വീപില്‍ വച്ച് ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് ഉച്ചഭക്ഷണപദ്ധതിയില്‍ നിന്ന് മാംസ ഭക്ഷണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ പങ്കെടുത്ത എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും തീരുമാനത്തെ എതിര്‍ത്തു. നിലവില്‍ കുട്ടികള്‍ക്ക് സസ്യ-സസ്യേതര ഭക്ഷണം ഇടകലര്‍ത്തിയാണ് നല്‍കുന്നത്. അതില്‍ മുട്ട, കോഴിയിറച്ചി, മീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, അരി, ദാല്‍ എന്നിവയല്ലൊം ഉള്‍പ്പെടുന്നുണ്ട്.
അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തത് മൂലം യാത്രാ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.
അധ്യാപകരോട് ജോലിക്ക് ഹാജരാവാന്‍ ലക്ഷദ്വീപ് അഡിമിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ടിക്കറ്റില്ലാതെ മറ്റ് ദ്വീപുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്കെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Will Lakshadweep’s mid-day meal menu turn vegetarian under Akshaya Patra?