| Saturday, 15th July 2023, 10:24 am

മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ തീരുന്നതാണോ കേരളത്തിലെ പ്രശ്‌നങ്ങള്‍; എനിക്ക് അധികാരമില്ലാതായിപ്പോയി: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മാത്രം തീരുന്നതാണോ കേരളത്തിലെ പ്രശ്‌നങ്ങളെന്ന് നടനും ബി.ജെ.പി സഹയാത്രികനുമായ ദേവന്‍. തനിക്ക് അധികാരമുണ്ടെങ്കില്‍ മാറ്റങ്ങളുണ്ടാക്കാനാകുമെന്നും തന്റെ സ്വപനങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍. താന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് മാത്രമായി കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ബി.ജെ.പിയില്‍ നിന്ന് കൊണ്ട് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ ഒരു കണ്ടീഷനുണ്ട്, എനിക്ക് അധികാരം വേണം. ഏതെങ്കിലുമൊരു പോസ്റ്റ് വേണം. ബി.ജെ.പിയില്‍ ഞാനിപ്പോള്‍ വെറുമൊരു സിനിമ നടനാണ്. എത്രയോ സിനിമ നടന്‍മാര്‍ വന്നിട്ടുണ്ട്. രാജസേനന്‍ വന്നുപോയി. അങ്ങനെ ഒരുപാട് സിനിമ നടന്‍മാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്.

വളരെ കണക്കൂകൂട്ടിയാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. വെറുതെ കയറി ചേര്‍ന്നതല്ല. അതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി(ദേവന്‍ രൂപീകരിച്ച പാര്‍ട്ടി)ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

അതെല്ലാം പരിഹരിക്കാന്‍ എനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ട്. എന്റെ അനുഭവങ്ങള്‍ കൊണ്ട് ഇതെല്ലാം പരഹരിക്കാനുള്ള ശക്തിയുണ്ട്. പക്ഷെ ഞാനിന്ന് വെറുമൊരു സിനിമ നടനാണ്. ഒരു സിനിമ നടന്‍ പറഞ്ഞാല്‍ ആരും വിലകല്‍പിക്കില്ല. മാധ്യമങ്ങളും വില കല്‍പിക്കില്ല.

ഇവിടെ ജനങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനെതിരെ പ്രതികരിക്കാനായി ഒരു രാഷ്ട്രീയക്കാരുമില്ല. കോണ്‍ഗ്രസുമില്ല, ബി.ജെ.പിക്കാര്‍ തീരെയുമില്ല. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും പിണറായി വിജയന്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസുകാര്‍ പത്ര സമ്മേളനം നടത്തി പറയുന്നത്. മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മാത്രം തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണോ ഇന്ന് കേരളത്തിലുള്ളത്. മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ഇവര്‍ക്ക് ഒരു ഉത്തരവാദിത്തവും കടമകളുമില്ലേ ജനങ്ങളോട്. ഇതാണോ രാഷ്ട്രീയം’ ദേവന്‍ ചോദിച്ചു

content highlights; Will Kerala’s problems end if the Chief Minister answers: Devan

We use cookies to give you the best possible experience. Learn more