ക്രിസ്മസ്-ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിനാശകരമാണെന്ന മോഹന്‍ ഭാഗവതിന്റെ നിലപാട് കേരള ബി.ജെ.പി തള്ളിക്കളയുമോ: മുഹമ്മദ് റിയാസ്
Kerala News
ക്രിസ്മസ്-ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിനാശകരമാണെന്ന മോഹന്‍ ഭാഗവതിന്റെ നിലപാട് കേരള ബി.ജെ.പി തള്ളിക്കളയുമോ: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2023, 7:28 pm

കൊച്ചി: മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംഘപരിവാര്‍ ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ആ ധാരണ വച്ചുകൊണ്ടുതന്നെ അവര്‍ നിലപാടുകള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും റിയാസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വീടുകളില്‍ ആര്‍ക്കും സന്ദര്‍ശനം നടത്താം. അതില്‍ തെറ്റില്ല. പക്ഷെ എല്ലാ വീട്ടിലും പോകാതെ ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകള്‍ മാത്രം സന്ദര്‍ശിക്കുന്ന രീതി ശരിയല്ല. ഇതുകൊണ്ട് ബി.ജെ.പി ഉദ്ദേശിക്കുന്ന രാഷ്ട്രീയ ഗുണം ഉണ്ടാവുമോ ഇല്ലയോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

വീടുകളില്‍ വരുന്നവരോട് സംശയങ്ങള്‍ ചോദിക്കാനുള്ള അവകാശവും ഇത് ചര്‍ച്ച ചെയ്യാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. ഓര്‍ഗനൈസറിന്റെ 2023 ജനുവരിയിലെ ലക്കത്തില്‍ മോഹന്‍ ഭാഗവത് എഴുതിയ ലേഖനത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ വിനാശകരമാണ് എന്ന് പറയുന്നുണ്ട്.

ഇതും ബി.ജെ.പി നേതാക്കള്‍ തള്ളിപ്പറയുമോ എന്ന് അറിയില്ല. ബി.ജെ.പിയുടെ നേതൃത്വം പറയുന്ന കാര്യങ്ങള്‍ എത്രമാത്രം അടിസ്ഥാന രഹിതമാണ് എന്നതിന്റെ ഉദാഹരങ്ങളാണിത്. ഓര്‍ഗനൈസറിനു പുറമെ വിജയദശമി നാളുകളില്‍ സര്‍സംഘചാലക്മാരുടെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷ വിരുദ്ധത എത്രമാത്രം ഉണ്ടെന്ന് മനസിലാവും.

ഘര്‍ വാപ്പസി ക്യാമ്പയിനിന്റെ ഭാഗമായി പള്ളികള്‍ തകര്‍ത്തില്ലേ. ക്രിസ്മസിന് ഹിന്ദു വീടുകളില്‍ നക്ഷത്രം തൂക്കാന്‍ പാടില്ലെന്ന് ആര്‍.എസ്.എസ് പ്രസംഗിച്ചു നടന്നില്ലേ. ഈ അഭിപ്രായത്തിനൊപ്പമാണോ ബി.ജെ.പിയുടെ സംസ്ഥാന ഘടകം എന്ന് വ്യക്തമാക്കണം,’ റിയാസ് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗവും സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

‘ക്രിസ്ത്യന്‍ സമൂഹത്തിന്റെയോ അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയോ ഉള്ള അതിക്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗവും സംഘടിക്കണം. ഇന്ത്യയുടെ മത നിരപേക്ഷതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്. രാജ്യത്തെ ഹിന്ദുക്കളില്‍ മഹാ ഭൂരിപക്ഷവും ഇത്തരം ആക്രമങ്ങളെ എതിര്‍ക്കുന്നവര്‍ ആണ്.

ഹിന്ദു മതവും ഹിന്ദുത്വ എന്ന ആശയവുമായി ഒരു ബന്ധവും ഇല്ല. ഈ കാര്യത്തില്‍ ബി.ജെ.പി നേതാക്കളുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കേണ്ടതുണ്ട്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കാത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുക്കുന്ന കര്‍ക്കശമായ നിലപാടുകള്‍ കാരണമാണ്. അതുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ സംഘപരിവാര്‍ ശക്തികള്‍ ദേശീയതലത്തില്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ ഇതോടെ വലിയ വിള്ളലുണ്ടാവും. നിലപാടില്‍ വെള്ളം ചേര്‍ക്കുമ്പോഴാണ് വിള്ളല്‍ ഉണ്ടാവുന്നത്. വിചാരധാരയെ അംഗീകരിക്കണോ തള്ളണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ അവര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ആണ്. ഈ പ്രശ്‌നം ബി.ജെ.പിയെ കൂടുതല്‍ ദുര്‍ബലമാക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ വിചാരധാരക്ക് പ്രസക്തി ഇല്ല എന്ന നിലയിലാണ് ചില ബി.ജെ.പി നേതാക്കളുടെ പ്രതികരണമെന്നും റിയാസ് പറഞ്ഞു.

CONTENT HIGHLIGHT: Will Kerala BJP reject Mohan Bhagwat’s stand that Christmas-Easter celebrations are destructive: Muhammad Riaz