പ്രളയത്തില്‍ തകര്‍ന്ന കേരളം മനുഷ്യ സ്‌നേഹത്താല്‍ അതിജീവിക്കുമോ?
എ പി ഭവിത

പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെ ആവശ്യമില്ലെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. മഴക്കെടുതിയും പ്രളയവും ദുരിതം സൃഷ്ടിക്കുന്നതിനിടയിലാണ് വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിനെതിരെ പ്രചരിപ്പിച്ച് തുടങ്ങിയത്. പ്രളയജലം തകര്‍ത്ത ജീവിതം പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തിന് ആവശ്യമുള്ള കോടികള്‍ കണക്കാക്കിയിട്ടില്ലെങ്കിലും എത്ര വലിയ സഹായം ലഭിച്ചാലും അധികമാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള പ്രചാരണം തിരിച്ചടിയാകുമോയെന്ന ആശങ്ക പല കോണില്‍ നിന്നും ഉയരുന്നു. പ്രാഥമിക കണക്ക് പ്രകാരം 20000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക തുച്ഛമാണെന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഇതിനിടയിലാണ് കേന്ദ്രം നല്‍കുന്ന അരി് സൗജന്യമല്ലെന്ന വിവരവും പുറത്ത് വരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 700 കോടി രൂപ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. 210 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയില്‍ ഇതുവരെ ലഭിച്ചത്. തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കുന്നത് ഉള്‍പ്പടെ സര്‍വ്വമേഖലകളിലും പുനരുജ്ജീവനം വേണം. അതിനുള്ള സഹായമാണ് സംസ്ഥാനം തേടുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാത്ത വിധം വിഭവസമാഹരണം നടത്തണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. പ്രളയത്തില്‍ നിന്ന് ഓരോ ജീവനേയും രക്ഷപ്പെടുത്തിയ മനുഷ്യ സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ് കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എതിര്‍പക്ഷത്തുള്ളതാവട്ടെ അധികാരത്തിന്റെ വലിയ ശക്തികളും. ആ അധികാരത്തെ മനുഷ്യ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ കേരളത്തിന് കഴിയുമോ?

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.