മധുര: ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരായ പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുമായും കൈകോർക്കാൻ പാർട്ടി പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. മധുരയിൽ നടക്കുന്ന സി.പി.ഐ.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. ജനങ്ങളുടേതായ ജനാധിപത്യവും സോഷ്യലിസവും യാഥാർഥ്യമാക്കാൻ, പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഒന്നിച്ചു നിൽക്കണമെന്നും പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ വിപുലീകരിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നവ ഉദാര നയങ്ങൾക്കെതിരെ സുസ്ഥിര പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. ഹിന്ദുതു നവ ഫാസിസത്തെ ചെറുക്കാൻ ആശയപരമായ സമരം നടത്തുന്നതും ഇടതുപക്ഷമാണ്. നമ്മുടെ രാജ്യത്തിനു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ ചെറുക്കുന്നതും ഇടതുപക്ഷമാണ്,’ പ്രകാൾ കാരാട്ട് പറഞ്ഞു.
അമേരിക്കൻ സാമ്രാജ്യത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹിന്ദുത്വ-കോർപറേറ്റ് കൂട്ടുകെട്ടിൻ്റെ പ്രതിനിധികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരുമെന്നും അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപിൻ്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്നത് ആരാണ്? ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ഉറ്റ തോഴൻ ആരാണ്? ആർ.എസ്.എസിനോട് പരിപൂർണ വിശ്വാസ്യത പുലർത്തുന്നത് ആരാണ്? മൂന്ന് ചോദ്യത്തിനും ഒറ്റ ഉത്തരമാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും പ്രകാശ കാരാട്ട് പറഞ്ഞു.
മൂന്നാം തവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും തീവ്രമായ നവഉദാര നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
സി.പി.എം.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ ആരംഭമായി. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.ബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് ഒമ്പത് മന്ത്രിമാര്‍ എന്നിവര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനായി എത്തിയിട്ടുണ്ട്.
രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിർന്ന പി.ബി അംഗം ബി.വി. രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. പി.ബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം നിഷ്കർഷിക്കുന്ന റിപ്പോർട്ടിൽ പി.ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. ഈ മാസം ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.
Content Highlight: Will join hands with secular, democratic forces in the fight against BJP and RSS: Prakash Karat