എസ്.എ20യില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന് വേണ്ടി സെഞ്ച്വറി നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം വില്‍ ജാക്‌സ്. കഴിഞ്ഞ ദിവസം സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിലാണ് വില്‍ ജാക്‌സ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
24 പന്തില്‍ 101 റണ്‍സാണ് ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ അടിച്ചുകൂട്ടിയത്. എട്ട് ബൗണ്ടറിയും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 240.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ജാക്‌സ് സെഞ്ച്വറി നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രിട്ടോറിയ വില്‍ ജാക്‌സിന്റെ ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ 204 റണ്‍സ് നേടി. വില്‍ ജാക്‌സിന് പുറമെ കോളിന്‍ ഇന്‍ഗ്രം (23 പന്തില്‍ 43), ഫില്‍ സോള്‍ട്ട് (13 പന്തില്‍ 23) എന്നിവരാണ് ക്യാപ്പിറ്റല്‍സ് നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയ മറ്റ് താരങ്ങള്‍.
സൂപ്പര്‍ ജയന്റ്‌സിനായി റീസ് ടോപ്‌ലി മൂന്ന് വിക്കറ്റും ജൂനിയര്‍ ദാല രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡര്‍ബന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 33 റണ്‍സ് നേടിയ മാത്യൂ ബീറ്റ്‌സ്‌കിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സീസണില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ ആദ്യ ജയമാണിത്.
ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെതിരെയാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ജനുവരി 20ന് നടക്കുന്ന മത്സരത്തിന് വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് വേദിയാകുന്നത്. സീസണില്‍ ഇതുവരെ സൂപ്പര്‍ കിങ്‌സിന് വിജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു റോയല്‍ ചലഞ്ചേഴ്‌സ് താരവും സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ എയുടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ രജത് പാടിദാറാണ് സെഞ്ച്വറി നേടിയത്. 158 പന്തില്‍ 151 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ലയണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 553 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ എ ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സിന് പുറത്തായിരുന്നു. മറ്റൊരു താരത്തിന് പോലും താളം കണ്ടെത്താന്‍ സാധിക്കാതെ വന്ന സമയത്താണ് പാടിദാറിന്റെ സെഞ്ച്വറി ഇന്ത്യക്ക് കരുത്തായത്.
മൂന്നാം ദിനം കളി ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് 62ന് രണ്ട് എന്ന നിലയിലാണ്. നിലിവില്‍ ഇംഗ്ലണ്ട് 388 റണ്‍സിന് മുമ്പിലാണ്.
Content highlight: Will Jacks scored century in SA20