ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ടി-20യിലെ ആദ്യ താരമായി ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്
Cricket
ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ടി-20യിലെ ആദ്യ താരമായി ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th February 2024, 2:56 pm

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്ടോറിയന്‍സിന് തകര്‍പ്പന്‍ വിജയം. ചാറ്റോഗ്രാം ചലഞ്ചേര്‍സിനെ 73 റണ്‍സിനാണ് കോമില്ല പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ കോമില്ലയുടെ ഇംഗ്ലണ്ട് താരം വില്ലി ജാക്സിന് സാധിച്ചു. കോമില്ലക്ക് വേണ്ടി ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് താരം നടത്തിയത്.

മത്സരത്തില്‍ 53 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് ജാക്ക്‌സ് നേടിയത്. അഞ്ച് ഫോറുകളും പത്ത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 203.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഫീല്‍ഡിങ്ങിലും മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് താരം നടത്തിയത്. മത്സരത്തില്‍ അഞ്ച് ക്യാച്ചുകളാണ് വില്ലി നേടിയത്. ഇതിന് പിന്നാലെയാണ് താരം റെക്കോഡ് നേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്.

ടി-20യില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുകയും അഞ്ച് ക്യാച്ചുകള്‍ നേടുകയും ചെയ്യുന്ന ആദ്യ താരമെന്ന നേട്ടമാണ് വില്ലി ജാക്ക്സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. ജാക്ക് വില്ലിയുടെ സെഞ്ച്വറിക്ക് പുറമെ നായകന്‍ ലിട്ടോണ്‍ ദാസ് 31 പന്തില്‍ 60 റണ്‍സും മൊയിന്‍ അലി 24 പന്തില്‍ 53 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചാറ്റോഗ്രാം 16.3 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.

വിക്ടോറിയന്‍സിന്റെ ബൗളിങ് നിരയില്‍ മൊയിന്‍ അലി, റിഷാദ് ഹുസൈന്‍ എന്നിവര്‍ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ചാറ്റോഗ്രാമിനായി ബാറ്റിങ് നിരയില്‍ ടന്‍സിദ് ഹസന്‍ 24 പന്തില്‍ 41 റണ്‍സും സൈക്കത്ത് അലി 11 പന്തില്‍ 36 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ജയത്തോടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ എട്ടു മത്സരങ്ങളില്‍ നിന്നും മാറി വിജയവും രണ്ടു തോല്‍വിയും അടക്കം 12 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കോമില്ല.

മറുഭാഗത്ത് തോല്‍വിയോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും വിജയവും നാല് തോല്‍വി അടക്കം മൂന്നാം സ്ഥാനത്താണ് ചാറ്റോഗ്രാം.

Content Highlight: Will Jacks create a new record in T20