ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോ? യു.പി സര്‍ക്കാരിനോട് സുപ്രീം കോടതി
national news
ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോ? യു.പി സര്‍ക്കാരിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th July 2023, 8:14 am

ന്യൂദല്‍ഹി: ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ത്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളണമെന്ന യു.പി സര്‍ക്കാരിന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് തെറ്റായ നടപടിയാണെന്ന് അംഗീകരിക്കാനും അത്തരം നടപടികള്‍ അവസാനിപ്പിക്കാനും ഭരണകൂടം തയ്യാറാണോ എന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.

വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് തെറ്റാണെന്ന് യു.പി. സര്‍ക്കാര്‍ പറഞ്ഞതായി സുപ്രീം കോടതി രേഖപ്പെടുത്തട്ടെയെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ചോദിച്ചു.

എന്നാല്‍ ഈ കേസില്‍ മാത്രമാണ് ഈ വാദമുള്ളൂവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് രവീന്ദ്ര കുമാര്‍ റൈസാദ പറഞ്ഞു.

2016 ഒക്ടോബറില്‍ രാംപൂര്‍ ജില്ലയിലെ ഒരു അനാഥാലയത്തിന്റെ ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ വീട് തകര്‍ത്തുവെന്നാരോപിച്ച് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ഫഷത്ത് അല്‍ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

അതേസമയം തന്റെ കക്ഷിക്കെതിരെ ഒന്നിലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും അലി ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു.

തുടര്‍ന്ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും 2020 ജൂലൈ 29ന് വിചാരണ കോടതി പുറപ്പെടുവിച്ച യഥാര്‍ത്ഥ ഉത്തരവ് പുനസ്ഥാപിച്ച് അലി ഖാന് ജാമ്യം അനുവദിക്കുകയും ചെയ്തു.

2023 ഫെബ്രുവരി 16ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്താണ് അലി ഖാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

content highlights: Will it be accepted that demolishing a house with a bulldozer is wrong? Supreme Court to UP Govt