വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ സര്‍വേ ഫലങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ബൈഡന്‍ അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ട് വെക്കുന്ന നയങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ട്രംപ് ആഗോള സമവാക്യങ്ങളില്‍ മാറ്റം വരുത്താനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്.
രൂക്ഷമായ അമേരിക്ക-ചൈന തര്‍ക്കം, അറബ് രാജ്യങ്ങളും ഇസ്രഈലുമായുള്ള സൗഹൃദപാത, ഇസ്രഈലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റിയത്, നിരന്തര വിലക്കുകളില്‍ ഇറാനെ തളച്ചിട്ടത്, അഫ്ഘാനിസ്താനില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിക്കല്‍ തുടങ്ങി ട്രംപ് നടപ്പാക്കിയ ആഗോള പദ്ധതികള്‍ നിരവധിയാണ്. അടുത്ത പ്രസിഡന്റായി ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്രയും വിഷയങ്ങളില്‍ ബൈഡന്‍ നയം വ്യക്തമാവും.
ട്രംപും ഇസ്രഈലും
അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ഇസ്രഈലിന് അനുകൂലമായാണ് നിലനിന്നതെങ്കിലും ട്രംപിന്റെ സമയത്ത് ഈ സൗഹൃദം പൂത്തുലഞ്ഞിട്ടുണ്ട്. ജറുസലേമിനെ ഇസ്രഈലിന്റെ മാത്രം തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി. യു.എ.ഇ, ബഹ്‌റിന്‍ എന്നീ അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അടുപ്പിച്ചു. സൗദിയെ വരെ ഈ സൗഹൃദപാതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ചു. പാളിപ്പോയ ഈ പദ്ധതി പിന്നീട് ഇസ്രഈല്‍-യു.എ.ഇ നയതന്ത്ര ബന്ധം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയായിരുന്നു.
ബൈഡന്‍ വന്നാല്‍ നെതന്യാഹുവിന് തിരിച്ചടിയാവുമോ?
വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ നടത്തുന്ന കൈയ്യേറ്റത്തെ ബൈഡന്‍ അപലപിക്കുന്നുണ്ട്. ട്രംപ് കൊണ്ട് വന്ന ഇസ്രഈല്‍ ഫലസ്തീന്‍ സമാധാന പദ്ധതിയെ ബൈഡന്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ മറ്റെല്ലാ അമേരിക്കന്‍ നേതാക്കളെയും പോലെ തന്നെ ഇസ്രഈലിന് അനുകൂലമായ നയമാണ് അടിസ്ഥാനപരമായി ബൈഡന്റേത്. ഫലസ്തീന്‍ വിഷയം ചൂണ്ടിക്കാട്ടി ഇസ്രഈലിനു മേല്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ബൈഡന്‍ പിന്തുണയ്ക്കുന്നില്ല.
2016 ല്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയില്‍ നിന്നും ഇസ്രഈലിനു ലഭിച്ച ഏറ്റവും വലിയ ധനസഹായമായ 38 ബില്യണ്‍ ഡോളര്‍ ലഭിച്ചത് ഇദ്ദേഹത്തിന്റെ സഹായത്തോട് കൂടെയായിരുന്നു.