| Monday, 17th September 2018, 2:37 pm

രേഖകള്‍ പരിശോധിച്ച് വേണ്ടി വന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരായ കേസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി; വീട്ടുതടങ്കല്‍ 19 വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് തടഞ്ഞുവെച്ച അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്റ്റംബര്‍ 19 വരെ സുപ്രീംകോടതി നീട്ടി. അഞ്ചുപേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് റൊമീലാ ഥാപ്പറും മറ്റുനാലു പേരും ചേര്‍ന്ന് നല്‍കിയ ഹരജിയും അന്നാണ് പരിഗണിക്കുന്നത്.

പൊലീസ് രേഖകള്‍ പരിശോധിക്കുമെന്നും ഒന്നും കണ്ടെത്താനായില്ലെങ്കില്‍ കേസ് റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ആവശ്യം വരികയാണെങ്കില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെതിരായ ഹരജി സുപ്രീംകോടതി പ്രോത്സാഹിപ്പിക്കരുതായിരുന്നുവെന്നും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രവും മഹാരാഷ്ട്രയും കോടതിയില്‍ പറഞ്ഞു. എന്നാല്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ള ഹരജിയാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു.

പുതിയ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നും പകരം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി പൊലീസിന് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം തള്ളിയായിരുന്നു 17ാം തിയ്യതി വരെ വീട്ടുതടങ്കല്‍ മതിയെന്ന് കോടതി പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more