| Friday, 1st January 2021, 9:35 pm

പെട്രോള്‍ പമ്പ് അടപ്പിക്കും, ദല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇനി ഒത്തുതീര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനുവരി നാലിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

ജനുവരി നാലിന് ആറാം ഘട്ട ചര്‍ച്ചയാണ് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തങ്ങള്‍ ഉന്നയിച്ച അഞ്ച് ശതമാനം പ്രശ്‌നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറഞ്ഞു.

‘ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ ഹരിയാനയിലെ പെട്രോള്‍ പമ്പുകളും മാളുകളും അടക്കുന്ന തിയതി ഞങ്ങള്‍ പ്രഖ്യാപിക്കും’, കര്‍ഷക നേതാവ് വികാസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ദല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ജനുവരി ആറിന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കാനും കര്‍ഷകര്‍ പദ്ധതിയിടുന്നുണ്ട്.

അതേസമയം, കാര്‍ഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Will intensify protest, take firm steps if demands aren’t met in Jan 4 meet with govt: Farmers’ leaders

We use cookies to give you the best possible experience. Learn more