ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭീഷണി മുഖവിലയ്‌ക്കെടുക്കാതെ അമേരിക്ക; കര്‍ഷകര്‍ക്ക് പിന്തുണ; 'പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര'
farmers protest
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭീഷണി മുഖവിലയ്‌ക്കെടുക്കാതെ അമേരിക്ക; കര്‍ഷകര്‍ക്ക് പിന്തുണ; 'പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 11:04 am

വാഷിംഗ്ടണ്‍: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വിവരങ്ങള്‍ തടസ്സമില്ലാതെ അറിയാനുള്ള അവകാശവും ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തെക്കുറിച്ചായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും ലക്ഷണമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്ന് പിന്തുണ ഏറിവരുന്ന വരുന്ന സാഹചര്യത്തിലാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.

ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള പ്രത്യേക പ്രൊപ്പഗാണ്ടയാണ് നടക്കുന്നതെന്ന തരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.

റിഹാനയ്ക്ക് പുറമെ പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Will Improve Efficiency Of India Markets”: US On Farm Laws Amid Protest