ന്യൂദല്‍ഹി: സമരക്കാര്‍ക്കെതിരായ പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ എറിയുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍. അതിന് ശേഷം മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്നും താരങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, സംഗീത ഫോഗട്ട് എന്നിവരാണ് തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഈ വിവരം അറിയിച്ചത്. തങ്ങള്‍ ജീവനെ പോലെ കരുതുന്ന മെഡലുകള്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് ഗംഗാ നദിയില്‍ എറിയുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
‘ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ആത്മാവാണിത്. ഇവ ഗംഗയിലെറിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ജീവന് വലിയ വിലയൊന്നുമില്ല. അതിനാല്‍ മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം ഇരിക്കാനാണ് തീരുമാനം,’ ഹിന്ദിയിലെഴുതിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
തങ്ങളെ പെണ്‍മക്കളെന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പോലും ഗുസ്തി താരങ്ങളുടെ ഈ പ്രശ്‌നത്തില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ‘പകരം പീഡകനായ ബ്രിജ് ഭൂഷണ്‍ സിങ് ചരണിനെ പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
ബ്രിജ് ഭൂഷണ്‍ വെളുത്ത കുപ്പായവുമിട്ട് പാര്‍ലമെന്റിന് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. അയാളുടെ തിളക്കം കറയേല്‍പ്പിച്ചത് ഞങ്ങളെയാണ്,’ താരങ്ങള്‍ പ്രസ്താവനയില്‍ പറയുന്നു.
ഇപ്പോള്‍ രാജ്യത്തിന്റെ പുത്രിമാരുടെ സ്ഥാനമെവിടെയാണെന്നും താരങ്ങള്‍ ചോദിച്ചു. ‘ഞങ്ങള്‍ മുദ്രാവാക്യം വിളിക്കുന്ന സാധാരണക്കാരായി മാറിയോ? അതോ ഞങ്ങള്‍ക്ക് അധികാരം വേണമെന്നൊരു അജണ്ടയുണ്ടെന്നാണോ കരുതുന്നത്?
ഞങ്ങള്‍ മെഡലുകള്‍ ഗംഗാ നദിയിലെറിയാന്‍ പോവുകയാണ്. ഗംഗ എത്ര പവിത്രമാണോ, അത്രയും പവിത്രമാണ് കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ നേടിയെടുത്ത മെഡലുകളും. രാജ്യത്തിന് മുഴുവന്‍ വിലപ്പെട്ട ഈ മെഡലുകള്‍ ഏറ്റുവാങ്ങാന്‍ അര്‍ഹതയുള്ളത് ഗംഗയ്ക്ക് മാത്രമാണ്,’ താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Will immerse our medals in Ganga, sit on hunger strike at India Gate