ശ്രീനഗര്‍: ദേശീയ പതാക വിവാദത്തില്‍ വിശദീകരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. കശ്മീരിന്റെ പതാകയും ദേശീയ പതാകയും ഒരുമിച്ച് താന്‍ കൈയിലേന്തുമെന്ന് മുഫ്തി പറഞ്ഞു.
‘ഞാന്‍ ആദ്യമായി എം.എല്‍.എയാകുമ്പോള്‍ കശ്മീര്‍ ഭരണഘടനയോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതുപോലെ ഇന്ത്യയുടെ പരമാധികാരവും ഐക്യവും സംരക്ഷിച്ചുകൊള്ളാമെന്നും. രണ്ടും പരസ്പരപൂരകങ്ങളാണ്. കശ്മീര്‍ പതാകയും ദേശീയ പതാകയും ഒരുമിച്ച് കൈയില്‍ പിടിക്കും’, മുഫ്തി പറഞ്ഞു.
നേരത്തെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.
‘ ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.’ – മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.
കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും’ – മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക