| Friday, 7th December 2018, 3:21 pm

ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്തെല്ലാം ഭീഷണികള്‍ വന്നാലും പശ്ചിമബംഗാളില്‍ നടത്താന്‍ നിശ്ചയിച്ച റാലി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

റാലി നിലവില്‍ നീട്ടി വെക്കാന്‍ തീരുമാനിച്ചെന്നു മാത്രമേയുള്ളു. പിന്‍വലിച്ചിട്ടില്ല. അടുത്ത് തന്നെ ബംഗാളില്‍ ബി.ജെ.പി റാലി നടത്തിയിരിക്കും. തങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബി.ജെ.പിയെ ഭയമാണ്. അതുകൊണ്ടാണ് ബി.ജെ.പി റാലി നടത്തുന്നത് അവര്‍ തടയുന്നതെന്നും അമിത് ഷാ പറഞ്ഞു.


നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു- വീഡിയോ


ബി.ജെ.പിക്ക് ബംഗാളില്‍ ലഭിക്കുന്ന സ്വീകാര്യത മമത ബാനര്‍ജിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ തങ്ങളെ അവിടെ നിന്നും അകറ്റാന്‍ നോക്കുന്നത്. എന്നാല്‍ എങ്ങനെയൊക്കെ എതിര്‍ത്താലും ബി.ജെ.പിയുടെ ജനപിന്തുണ ഇല്ലാതാക്കാന്‍ മമതയ്ക്കാവില്ല. ഞങ്ങള്‍ അവിടെ റാലി നടത്തിയിരിക്കും- ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയ്ക്കെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു.

രഥയാത്രക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് സമയം ലഭിച്ചിട്ടില്ലെന്ന് മമതാ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 2019 ജനുവരി ഒമ്പതുവരെ റാലിപോലുള്ള പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്നും ബി.ജെ.പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം യാത്ര നടത്താനായിരുന്നു ബി.ജെ.പി.യുടെ പദ്ധതി. സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളേയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു യാത്ര.

We use cookies to give you the best possible experience. Learn more