നോയിഡ: പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് യു.പി പൊലീസിന്റെ നടപടി. നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തുള്ള നിസ്‌കാരമാണ് നിരോധിച്ചിരിക്കുന്നത്. പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.
നോയിഡയിലെ സെക്ഷന്‍ 58 ഇന്‍ഡസ്ട്രീയല്‍ ഹബ്ബിലുള്ള കമ്പനികള്‍ക്കാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നോയിഡ പൊലീസുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജീവനക്കാര്‍ നിരോധനം ലംഘിച്ചാല്‍ കമ്പനിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന പൊലീസ് നിര്‍ദേശത്തില്‍ വ്യക്തത തേടിയാണ് കൂടിക്കാഴ്ച നടത്തിയത്.
എസ്.പി-ബി.എസ്.പി സഖ്യം വന്നാല്‍ മോദി അധികാരത്തില്‍ നിന്ന് പുറത്താകും; എ.ബി.പി ന്യൂസ് സര്‍വേ
ഐ.ടി ഇന്‍ഡസ്ട്രീയല്‍ ഹബ്ബായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതുഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ദിവസങ്ങളില്‍ വലിയ ആള്‍ക്കൂട്ടം പൊതു ഇടങ്ങളില്‍ നിസ്‌കാരത്തിനായി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ നിര്‍ദേശം ലഭിച്ച ശേഷവും ജീവനക്കാര്‍ ഇത്തരത്തില്‍ നിസ്‌കാരത്തിനായി വരികയാണെങ്കില്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശമെന്നും സെക്ടര്‍ 58 എസ്.എച്ച്.ഒ പങ്കജ് റായ് പറഞ്ഞു.
സെക്ടര്‍ 58 ലെ അതോറിറ്റി പാര്‍ക്കില്‍ നിസ്‌കാരമുള്‍പ്പെടെയുള്ള മതപരമായ ഒരു ചടങ്ങുകളും നടത്താന്‍ പാടില്ലെന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശമുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റേയോ അഡ്മിനിസ്‌ട്രേഷന്റേയോ നിര്‍ദേശമില്ലാതെ പൊതുഇടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ പാടില്ല. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കേണ്ടി വരും- അദ്ദേഹം പറഞ്ഞു.
അതേസമയം ഇതില്‍ കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും വ്യക്തികളുടെ താത്പര്യങ്ങളില്‍ കമ്പനിക്ക് ഇടപെടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.