| Monday, 16th August 2021, 9:46 pm

അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യയിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ സൗകര്യമൊരുക്കുമെന്നും ഇന്ത്യ പറഞ്ഞു.

‘അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും,’ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

” അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കും,” മന്ത്രാലയം പറഞ്ഞു.

ഇന്ത്യയുടെ വിവിധ പദ്ധതികളിലും പരസ്പരമുള്ള വികസന, വിദ്യാഭ്യാസ നേട്ടങ്ങളിലും പങ്കാളികളായ അഫ്ഗാനികളുണ്ട്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഇത് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനെ ബാധിച്ചു. വിമാനത്താവള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായാല്‍ തിരികെയെത്തിക്കല്‍ തുടരുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക്എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ യുദ്ധഭീതിയിലായ രാജ്യത്ത് നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Will Help Afghan Hindus, Sikhs Come To India, Says Government On Crisis

We use cookies to give you the best possible experience. Learn more