ആരോഗ്യ ജാഗ്രതാ പദ്ധതി; അടുത്ത മഴക്കാലത്തെങ്കിലും പനി കുറയ്ക്കുമോ?
Health
ആരോഗ്യ ജാഗ്രതാ പദ്ധതി; അടുത്ത മഴക്കാലത്തെങ്കിലും പനി കുറയ്ക്കുമോ?
സൈന
Thursday, 25th January 2018, 9:07 pm

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ പകര്‍ച്ചവ്യാധികള്‍ കൊണ്ട് പൊറുതിമുട്ടിയ സമയമായിരുന്നു കഴിഞ്ഞ മഴക്കാലം. വൈറല്‍ പനി, എലിപ്പനി, മലേറിയ, ഡെങ്കു, തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങള്‍ എന്നിവയും വര്‍ധിച്ചു. ഭീതി പരത്തുന്ന രീതിയില്‍ കോളറയും കണ്ടു. എച്ച് 1-എന്‍ 1 മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടി.

മുപ്പത് വര്‍ഷം മുമ്പ് ഇല്ലായ്മ ചെയ്ത ഡിഫ്ത്തീരിയ തിരിച്ചെത്തിയത് പൊതുജനാരോഗ്യമേഖലയില്‍ ആശങ്കയുണ്ടാക്കി. അടുത്തിടെ വയനാട്ടില്‍ കുരങ്ങ് പനിയുമുണ്ടായി. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ പനിയും പനി മരണങ്ങളും കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാലവാസ്ഥ വ്യതിയാനം കാരണം ഇടക്കിടെ മഴയും വെയിലും മാറിവരുന്നതാണ് പനി കൂടാനുണ്ടായ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

 

പനി നിയന്ത്രണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വ്യാപകമായി ആക്ഷേപമുണ്ടായി. നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ആരോഗ്യവകുപ്പിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇക്കാലയളവില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 574 പേരാണ് മരിച്ചത്. പനി ബാധിതരുടെ എണ്ണം റെക്കോര്‍ഡ് നിലയിലായിരുന്നു.

35,13,810 പേരാണ് വൈറല്‍ പനി മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഇനിയും കൂടും. 101 പേരാണ് പനി മൂലം മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തെ ബാധിക്കുന്ന എച്ച് 1 എന്‍ 1 ബാധിച്ച് 1332 പേര്‍ ചികിത്സ തേടി. 75 പേര്‍ എച്ച് 1 എന്‍ 1 മൂര്‍ച്ഛിച്ച് മരിച്ചു. 939 പേര്‍ക്ക് മലമ്പനി പിടിപെട്ടു. 1345 എലിപ്പനി ബാധിതരില്‍ 17 പേര്‍ മരിച്ചു.

നഗരങ്ങളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഡെങ്കുവായിരുന്നു വില്ലന്‍. നഗരത്തില്‍ എലിപ്പനിയും കൂടി. മാലിന്യസംസ്‌കരണം വഴിമുട്ടിയ മറ്റിടങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. 19,685 പേരാണ് ഡെങ്കുവിന് ചികിത്സ തേടിയത്. 37 പേര്‍ മരിച്ചു. ഇവരില്‍ ചിലര്‍ ഡെങ്കു രണ്ടു തവണയൊക്കെ ഉണ്ടായി ചികിത്സക്കെത്തിയിരുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാര്‍ പറയുന്നു.

 

മാലിന്യസംസ്‌കരണം പരാജയപ്പെടുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഡെങ്കു ബാധിതരുടെ എണ്ണം. കൊതുക് നിവാരണത്തിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങളൊന്നും തുടര്‍ന്ന് കൊണ്ടുപോകുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

കൊതുകുകളുടെ വലിയൊരു ആവാസകേന്ദ്രമാണ് ആശുപത്രി ചുറ്റുവട്ടം. ആശുപത്രികളിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഡെങ്കു പനി ബാധിക്കുന്നത് ആശുപത്രികളില്‍ നിന്നുതന്നെയാണ്. കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ കൊതുക് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരം.

പനി ബാധിച്ച് കോഴിക്കോട് ഒരു ഡോക്ടറും തിരുവനന്തപുരത്ത് ഒരു ഡയാലിസിസ് ജീവനക്കാരനും മരിക്കുകയും ഒപ്പം ഡോക്ടര്‍മാര്‍ക്ക് വരെ ഡെങ്കു പിടിപെട്ടതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായെത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും( കെജിഎംഒഎ) പനി ക്ലിനിക്കുകള്‍ , ബോധവത്കരണപരിപാടികള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കി.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രികളില്‍ മുഴുവന്‍ സമയ ഒ.പി തുറന്നു. കൊതുക് നിയന്ത്രണം സാധ്യമാകാതെ പനി നിയന്ത്രിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊതുകുകളില്‍ ജനിതകമാറ്റം കണ്ടുതുടങ്ങി. ദീര്‍ഘവീക്ഷണത്തോടെയുള്ള കൊതുക് നിയന്ത്രണം നടപ്പാക്കണമെന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

 

ഫോകിംഗ്, കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയല്‍, ചെറിയ കൂടുകളിലും ഒഴിഞ്ഞ പാത്രങ്ങളിലുമൊക്കെ തങ്ങി നില്‍ക്കുന്ന വെള്ളം മാറ്റുക തുടങ്ങിയ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ സീസണുകളില്‍ മാത്രം നടക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. പൊതുജനാരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളുടെ ഗ്രാഫ് മഴക്കാലത്ത് കുത്തനെ താഴും. കുറച്ച് കാലമായി കേരളത്തിന്റെ സ്ഥിതി ഇതാണ്. അതിനൊരു പരിഹാരം കാണണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷത്തെ വിമര്‍ശനങ്ങള്‍ ഇത്തവണയെങ്കിലും ഉയരാതിരിക്കണമെങ്കില്‍ സമഗ്രമായ നടപടികള്‍ ആരോഗ്യമേഖലയില്‍ വരേണ്ടതുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്റെ ഭാഗമായി പനിക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ആരോഗ്യ ജാഗ്രത പദ്ധതിക്ക് ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതി തയ്യാറാക്കിയത്.

 

ആരോഗ്യ ജാഗ്രതാ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ, റവന്യൂ, തൊഴില്‍, ജലവിഭവം തുടങ്ങിയ വകുപ്പുകളും ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍, കുടുംബ ശ്രീ-അംഗണ്‍വാടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കിയാണ് വാര്‍ഡ് തലങ്ങളില്‍ കൊതുക് നിവാരണം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കൊതുക് കൂടുതലായി കാണുന്ന സ്‌പോട്ടുകള്‍ മാപ്പ് ചെയ്യുക, ബോധവത്കരണ കാംപെയിനുകള്‍ നടത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നിവയാണ് ഇപ്പോള്‍ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും ചെയ്യുന്നത്. മരുന്ന്, രോഗപരിശോധനാ കിറ്റുകള്‍, കൊതുക് നിയന്ത്രണ ഉപകരണങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശമേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

അടുത്ത മഴക്കാലത്ത് പനി വ്യാപനം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഏറെ പഴികേള്‍ക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറും ആ പ്രതീക്ഷ തന്നെയാണ് പങ്കുവെക്കുന്നത്. ഒട്ടും ശ്രദ്ധ പതിക്കാത്ത ഇടമാണ് തീരദേശം. പനിയും ജലജന്യരോഗങ്ങളും ഇവിടെ കൂടുതലാണ്. ഈ മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പിറകിലാണ്. ഫിഷറീസ് വകുപ്പിന്റെ കാര്യമായ ഇടപെടല്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസവകുപ്പിനും നിര്‍ദേശമുണ്ട്.

 

മാലിന്യം അലക്ഷ്യമായി തള്ളുന്നത് ജനം തടയുന്ന കാഴ്ച അടുത്തിടെ വ്യാപകമാണ്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിലനില്‍പിന്റെ കൂടി ആവശ്യമാണെന്നാണ് ജനപ്രതിനിധികളില്‍ കൂടുതല്‍ പേരും പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ വൈര്യം ഒന്നുമില്ലാതെ എല്ലാ ജനപ്രതിനിധികളും ആരോഗ്യജാഗ്രത പദ്ധതിക്ക് ഒപ്പമുണ്ട്. കൃത്യമായ മോണിറ്ററിങിന് വിധേയമാക്കി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയാല്‍ അടുത്ത മഴക്കാലത്ത് പനി കുറയുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണം.

ജലജന്യരോഗങ്ങള്‍ തടയുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വയറിളക്കരോഗങ്ങള്‍ വ്യാപകമാണ്. ശുദ്ധജല ലഭ്യതയില്‍ കേരളം വളരെ പിറകിലാണ്. കഴിഞ്ഞ വര്‍ഷം 4,61,427 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. അഞ്ച് പേര്‍ മരിച്ചു. 2016 ല്‍ 4,93,973 പേര്‍. 14 മരണം. 2015 ല്‍ 4,67,102 വയറിളക്കം പിടിപെട്ടു. ഇതില്‍ 4 മരണം. 2014ല്‍ 442109 പേര്‍. ഇതില്‍ 5 പേര്‍ മരിച്ചു.

അതോടൊപ്പം കഴിഞ്ഞ വര്‍ഷം എട്ട് കോളറ കേസുകള്‍ ഇതില്‍ ഒരാള്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കണ്ടത്. കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതല്‍. ശുദ്ധ ജലലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ ജലജന്യരോഗങ്ങള്‍ തടയാനാകില്ല.

 

ചിത്രം കടപ്പാട്- ഇന്നോടെക്‌

 

കിണര്‍ വെള്ളത്തില്‍ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. അറുപത് ശതമാനം പേരും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്കുകളും കിണറുകളും തമ്മിലുള്ള ദൂരക്കുറവാണ് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഒപ്പം വെള്ളം മലിനമാക്കുന്നത് തടയാന്‍ കഴിയാത്തതും കുപ്പിവെള്ള വിതരണത്തിനായി എടുക്കുന്ന വെള്ളം പരിശോധിക്കുന്നത് കാര്യക്ഷമമായി നടക്കുന്നില്ല.

പകര്‍ച്ചവ്യാധി ചികിത്സക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി വളരെ മോശമാണ്. മതിയായ ഡോക്ടര്‍മാരില്ല. നഴ്‌സുമാരും കുറവ്. പനി വാര്‍ഡുകളുടെ കുറവ് കാരണം കിടത്തിചികിത്സ ആവശ്യമുള്ള നിരവധി ആളുകളെ തിരിച്ചയച്ച അനുഭവം ഡോക്ടര്‍മാര്‍ പങ്കുവെച്ചു. കൊതുക് വലകള്‍, ബെഡുകള്‍ എന്നിവ കുറവായിരുന്നു. ഒപ്പം രക്തപരിശോധനക്കാവശ്യമായ സൗകര്യവും ആശുപത്രികളില്‍ കുറവാണ്. മരുന്നിന് ക്ഷാമമുണ്ടായി.

ദിവസങ്ങളോളം പനിപിടിച്ചു കിടന്നതു കാരണം നിരവധിയാളുകളുടെ വീട് പട്ടിണിയായതും കേരളം കണ്ടു. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും പ്രാധാന്യത്തോടെ കാണണം. ആരോഗ്യസാക്ഷരത നേടിയാല്‍ മാത്രമേ മാറ്റം വരികയുള്ളൂവെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം ആരോഗ്യസംരക്ഷണം ഫലപ്രാപ്തിയിലെത്തിക്കുന്നതിനുവേണ്ടി കേരളം അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ നിന്ന് ചെറുകിട ചികില്‍സാ കേന്ദ്രങ്ങളെ ഒഴിവാക്കി നിയമസഭാ സബ്ജക്ട് കമ്മിറ്റി ഭേദഗതി വരുത്തി. ആരോഗ്യ പരിപാലനത്തിലെ കേരള മോഡല്‍ നിലനിര്‍ത്താനും കൂടുതല്‍ ഡോക്ടര്‍മാരും ക്ലിനിക്കുകളും ഈ രംഗത്തേക്കു കടന്നുവരാനും സഹായിക്കുന്നതിനാണു മാറ്റമെന്നണ് വിലയിരുത്തപ്പെടുന്നത്.

പ്രാഥമിക ചികില്‍സയും രോഗനിര്‍ണയവും നിരീക്ഷണവും നടത്തുന്ന സ്ഥാപനങ്ങളെയാണ് ആക്ടിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. സായുധ സേനകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. കോര്‍പറേറ്റ് ആശുപത്രികളെ പൂര്‍ണമായും ആശ്രയിക്കേണ്ടിവരുമ്പോള്‍ ചികില്‍സാച്ചെലവും വര്‍ധിക്കും. പത്തു കിടക്കകളുള്ള ആശുപത്രികളെയും ക്ലിനിക്കുകളെയും ഈ ബില്ലിന്റെ പരിധിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്ന വിയോജനക്കുറിപ്പും അംഗങ്ങളായ സി.മമ്മൂട്ടി, വി.എസ്.ശിവകുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ഗവേണിങ് കൗണ്‍സിലില്‍ ഫിസിയൊതെറപ്പിസ്റ്റുകളെയും ഐ.എം.എ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ഫാര്‍മസി കൗണ്‍സില്‍ പ്രതിനിധി, പാരാമെഡിക്കല്‍ വിഭാഗത്തിന്റെ പ്രതിനിധി, യൂനാനിസിദ്ധ വിഭാഗങ്ങളുടെ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തണമെന്നും സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.