| Monday, 30th October 2023, 9:37 pm

അടുത്ത മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് ആവേശം മുറുകിയിരിക്കുകയാണ്. കളിച്ച ആറ് മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിലും ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്.

എന്നാല്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍, ഹര്‍ദികിന് ലീഗ് ഘട്ട മത്സരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടേക്കാനാണ് സാധ്യത. പാണ്ഡ്യക്ക് സുഖം പ്രാപിക്കാന്‍ സമയമെടുക്കുന്നു എന്ന മെഡിക്കല്‍ ടീമിന്റെ നിരീക്ഷണം ക്രിക്ക്നെക്സ്റ്റ് പുറത്ത്വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി സെമി ഫൈനല്‍ മത്സരങ്ങളിലാവും താരം തിരിച്ചുവരുന്നത്.

‘ഹര്‍ദിക്കിന് ഇതിനകം രണ്ട് നെറ്റ് സെനുകളിലാണ് എന്‍.സി.ഐയില്‍ നടത്തിയത്, കൂടാതെ ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ നിരന്തരമായ മേല്‍നോട്ടവുമുണ്ട്. ഈ ഘട്ടത്തില്‍ തിരിച്ചുവരവിന് ഒരു തിയ്യതി കണക്കാക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാലും അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നത് നല്ല സൂചനയാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗ്ലാദേശിനെതിരെ പൂനെയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഹര്‍ദികിന് കണങ്കാലിന് പരിക്ക് പറ്റി മാറി നില്‍ക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഹര്‍ദിക്കിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ 10 ദിവസമായി പാണ്ഡ്യ ചികിത്സയിലായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനെ തുടര്‍ന്ന് ഏറെ ചര്‍ച്ചകളും നടന്നിരുന്നു. ഇന്ത്യ നിരയിലെ മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാണ് ഹര്‍ദിക്.

ഹര്‍ദിക്കിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ആശങ്കയിലാണ്. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലാത്തതിനാല്‍ പാണ്ഡ്യക്ക് പരിക്കില്‍ നിന്നും മോചിതനാവാന്‍ കൂടുതല്‍ സമയവും ലഭിക്കും.

ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. നവംബര്‍ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.

Content Highlights: Will Hardik Pandya return in the next match?

We use cookies to give you the best possible experience. Learn more