ന്യൂദൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തെ തുടർന്ന് പോകുമോ ഇല്ലയോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹിമാചൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയോധ്യയിലേക്ക് പോകും,’ സുഖ്‌വീന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.
നേതൃത്വം മൗനം തുടരുമ്പോഴും ഉദ്ഘാടനത്തിന് പോകുമെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഭൂരിപക്ഷം ജനങ്ങൾക്കും രാമക്ഷേത്രത്തിന് അനുകൂലമായ നിലപാട് ഉള്ളതുകൊണ്ടാണ് എന്നാണ് വിലയിരുത്തൽ.
സുഖ്‌വീന്ദർ സിങ്ങിന്റെ പ്രസ്താവനയോട് എ.ഐ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല. അയോധ്യ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് നേരത്തെ ഹൈക്കമാൻഡ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പിയുടെ വലയിൽ വീഴരുത് എന്നും നിർദേശമുണ്ട്.