രാജ്യത്തിന് പുറത്ത് പോയി കച്ചവടം നടത്തും, ഇവിടെ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കും: പി.വി. അന്‍വര്‍
Kerala News
രാജ്യത്തിന് പുറത്ത് പോയി കച്ചവടം നടത്തും, ഇവിടെ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കും: പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 10:42 pm

കോഴിക്കോട്: കേരളത്തില്‍ കച്ചവടവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ട്വന്റിഫോര്‍ ചാനലിന്റെ ജനകീയ കോടതിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഇനി രാജ്യത്തിന് പുറത്ത് കച്ചവടങ്ങള്‍ നടത്തുമെന്നും ഇവിടെ ഇടതുപക്ഷത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയില്‍ സിയേറ ലിയോണയിലെ ബിസിനസ് നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കേരളം സിയേറ ലിയോണ പോലെ ആകണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും ട്വന്റി ഫോര്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അന്‍വര്‍ പറഞ്ഞു.

‘ഞാനിപ്പോഴും കഷ്ടപ്പെടുന്നുണ്ട്. കഷ്ടപ്പാട് എനിക്കൊരു പ്രശ്‌നമല്ല. അതെനിക്ക് ഇഷ്ടമുള്ള സംഗതിയാണ്. കേരളത്തില്‍ ഞാന്‍ ഒരു പെട്ടിക്കട തുടങ്ങില്ലെന്നാണ് പറഞ്ഞത്. ഇവിടെ കച്ചവടവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഇവിടെ ഇനി ഒരു കച്ചവടവും നടത്താന്‍ പറ്റില്ല. എന്റെ കച്ചവടങ്ങള്‍ ഇനി ഈ രാജ്യത്തിന് പുറത്ത് നടത്തുകയും ഇവിടെ ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനും ജനങ്ങള്‍ക്കും വേണ്ടി പോരാടുകയും ചെയ്യുമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

ഇവിടെ ഉപജീവനം നടത്താന്‍ എനിക്ക് പറ്റില്ലെന്നാണ് അന്ന് പറഞ്ഞത്. കാരണം കള്ള വാര്‍ത്തകള്‍ നല്‍കുന്നവരെയും കള്ളപരാതികള്‍ നല്‍കുന്നവരെയും കാണുമ്പോള്‍ കുമ്പിടാനും സല്യൂട്ട് ചെയ്യാനും എനിക്ക് കഴിയില്ല എന്നതാണ്. എനിക്കതിന് മനസ്സില്ല. സിയേറ ലിയോണയില്‍ ബിസിനസ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. അവിടെ കുറച്ചായി സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള ചില തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ട്. അവിടെ ഇഷ്ടം പോലെ തടയണ കെട്ടിയിട്ടുണ്ട്. സിയേറ ലിയോണ പോലെ കേരളമാകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കാരണം കേരളത്തിലെയും അവിടത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്,’ അന്‍വര്‍ പറഞ്ഞു.

content highlights: will go outside the country and do business, here he will work for the Left. Anwar