ശ്രീനാരായണ സര്‍വ്വകലാശാല വി.സി നിയമനം: എന്‍.കെ പ്രേമചന്ദ്രനെതിരെ നിയമ നടപടിയെന്ന് മുഹമ്മദ് റിയാസ്
Kerala News
ശ്രീനാരായണ സര്‍വ്വകലാശാല വി.സി നിയമനം: എന്‍.കെ പ്രേമചന്ദ്രനെതിരെ നിയമ നടപടിയെന്ന് മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 4:13 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ വിവാദ പ്രസ്താവനയില്‍ നിയമ നടപടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്‍.കെ പ്രേമചന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് റിയാസ് വ്യക്തമാക്കിയത്.

”കൊല്ലം ലോക്‌സഭാ അംഗം ശ്രീ എന്‍.കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് എന്‍.കെപ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു”, എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ശ്രീനാരായണ ഗുരു വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. മന്ത്രി കെ.ടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വി.സി ആക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will go for legal action against N.K Premachandran says Muhammad Riyas