കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സരിത എസ്. നായരുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍. സോളാര്‍ കേസിലെ ബലാത്സംഗ കേസില്‍ ഉറച്ചുനില്‍ക്കുന്നതായും ആളൂര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേയാണ് ആളൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സരിത ജയിലിലായിരുന്ന സമയത്ത് പീഡിപ്പിച്ചവരെ കുറിച്ച് വ്യക്തമാക്കുന്ന കത്ത് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരിത തിരുവനന്തപുരത്ത് എത്തി മൊഴി നല്‍കിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ കുറ്റം ചെയ്തതായി സോളാര്‍ കമ്മീഷനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആളൂര്‍ പറയുന്നു.
“നിയമപരമായി കേസ് ശക്തമാണ്. ബലാത്സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകള്‍ ഉണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും”.
ഉമ്മന്‍ ചാണ്ടിക്കെതിരെ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത ബലാത്സംഗ കുറ്റമാണ് ആരോപിച്ചിട്ടുള്ളതെന്ന് ആളൂര്‍ പറഞ്ഞു. രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നതും അശ്ലീല ആംഗ്യങ്ങളും സംഭാഷണങ്ങളുമെല്ലാം നിയമപരമായി ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. ഇത്തരം കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് സാധ്യതയില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.