ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമത.
അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കിയാണ് തങ്ങള്‍ സ്വീകരിക്കാറെന്നും എന്നാല്‍ ഒരൊറ്റ വോട്ട് പോലും ബി.ജെ.പിക്ക് നല്‍കില്ലെന്നുമായിരുന്നു മമത പറഞ്ഞത്. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ മറുപടി.
പ്രത്യേക അവസരങ്ങളില്‍ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌ക്കാരമാണ്. എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരു സ്വപ്‌നം പോലും കരുതേണ്ട- മമത പറഞ്ഞു.
മോദിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും ദീദി സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്.
” മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മാങ്ങ, മധുരപലഹാരങ്ങള്‍, കുര്‍ത്ത എന്നിവ എല്ലാവര്‍ഷവും അയക്കാറുണ്ട്. മാത്രമല്ല കൂടിക്കാഴ്ച നടത്താനായി പോകുമ്പോഴെല്ലാം എന്തെങ്കിലും സമ്മാനങ്ങള്‍ കൊണ്ടുപോകും. രാം നാഥ് കോവിന്ദിനും ഇത്തരത്തില്‍ സമ്മാനങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്. അത് തന്നെയാണ് മോദിയ്ക്കും നല്‍കിയത്. ഇതൊന്നും അത്ര വലിയ കാര്യമല്ല. അങ്ങേയറ്റം ഉപചാരശീലമുള്ള എല്ലാവരോടും ബഹുമാനം വെച്ചുപുലര്‍ത്തുന്ന നേതാവാണ് മമത ദീദി. അടല്‍ ബിഹാരി വാജ്പേയിയ്ക്ക് മമതാ ജീ ബംഗാളി പലഹാരമായ മാല്‍പൂവ കൊടുത്തയക്കുമായിരുന്നു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായിരുന്നു. – എന്നായിരുന്നു തൃണമൂല്‍ നേതാക്കള്‍ പറഞ്ഞത്.
ദീദി മോദി ധാരണയില്‍ പോകുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തേയും നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു.
നല്ല സൗഹൃദങ്ങളെപ്പോലും രാഷ്ട്രീയവത്ക്കരിക്കുകയും അതുവഴി വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ മോദി മനഃപൂര്‍വ്വം ശ്രമിക്കുകയുമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ തന്നു എന്നറിഞ്ഞപ്പോള്‍ മമത തനിക്ക് മധുരപലഹാരങ്ങള്‍ തരാന്‍ തുടങ്ങിയെന്നായിരുന്നു അക്ഷയ്കുമാറുമായുള്ള സംഭാഷണ പരിപാടിയ്ക്കിടെ മോദി പറഞ്ഞത്.
തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഇത് പറയാന്‍ പാടില്ലെന്നും ആളുകള്‍ ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാമെന്നും പറഞ്ഞുകൊണ്ടായിരുന്നു മമത സ്വന്തം ഇഷ്ടപ്രകാരമെടുത്ത കുര്‍ത്തകള്‍ തനിക്ക് സമ്മാനമായി അയച്ചുതരാറുണ്ടെന്ന് മോദി പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ ആദ്യമായി തന്നെ കണ്ടപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് പറഞ്ഞിരുന്നു. പിന്നെ കാണുമ്പോഴെല്ലാം ഉറക്കത്തിന്റെ സമയം കൂട്ടിയോ എന്നദ്ദേഹം ചോദിക്കുമായിരുന്നെന്നും മോദി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.