[] കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി 22ന് വരാനിരിക്കെ ടി.പിയുടെ ഭാര്യ കെ.കെ രമക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കോഴിക്കോട് മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ആര്‍.എം.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
സുരക്ഷ വേണ്ടെന്ന് രമ സര്‍ക്കാരിനെ അറിയിച്ചെങ്കിലും വിധിക്ക് മുമ്പെ പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
വിധിക്ക് മുന്നോടിയായി വടകര, നാദാപുരം മേഖലകളില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒഞ്ചിയം അടക്കമുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആര്‍.എം.പി നേതാവ് എന്‍ വേണുവും സംഘവുമാണ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്കയറിച്ചത്.ഇതിനിടെ വിധി വരുന്ന ദിവസം അണികളോട് സംയമനം പാലിക്കാന്‍ സി.പി.ഐ.എം ആഹ്വാനം ചെയ്തിട്ടുണ്ട്.
സി.പി.ഐ.എം കണ്ണൂര്‍ , കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് അണികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്നും ശനിയാഴ്ച ചേര്‍ന്ന രണ്ടു ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.