സന്ധ്യക്കൊപ്പമല്ലാതെ ജസീറയ്ക്ക് പാരിതോഷികമില്ലെന്ന് ചിറ്റിലപ്പിള്ളി
Kerala
സന്ധ്യക്കൊപ്പമല്ലാതെ ജസീറയ്ക്ക് പാരിതോഷികമില്ലെന്ന് ചിറ്റിലപ്പിള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2014, 9:36 am

[] തൃശൂര്‍: എല്‍.ഡി.എഫ്. നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തെ എതിര്‍ത്ത സന്ധ്യക്കൊപ്പം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പാരിതോഷികമായി താന്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ജസീറയ്ക്ക് നല്‍കില്ലെന്ന് ##കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

അതേസമയം, സമരം കഴിയാതെ നാട്ടിലേക്കില്ലെന്ന് ജസീറ ചിറ്റിലപ്പിള്ളിയെ അറിയിച്ചു. ഉമ്മയെ കണ്ടിട്ട് ആറു മാസമായെന്നും ഈ മാസം 18ന് തന്റെ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തിനുപോലും പങ്കെടുക്കുന്നില്ലെന്നും ജസീറ പറഞ്ഞു.

ചിറ്റിലപ്പിള്ളിയുടെ പാരിതോഷികം വേണ്ടെന്നു പറയുന്നില്ല. പക്ഷേ, അത് സമരം കഴിഞ്ഞിട്ടു സ്വീകരിക്കാം. അല്ലെങ്കില്‍ ഡല്‍ഹിയില്‍ തരണമെന്നും ജസീറ പറഞ്ഞു.

സമരങ്ങളെ എതിര്‍ക്കുന്ന സന്ധ്യക്കൊപ്പം വേദി പങ്കിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നല്‍കുന്ന അഞ്ചുലക്ഷം രൂപ സ്വീകരിക്കില്ലെന്ന് ജസീറ നേരത്തെ വ്യക്തമാക്കിയിരുന്നു. 24ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ തുക വിതരണം ചെയ്യാനാണു തീരുമാനിച്ചിരുന്നത്.

അതേസമയം ഈ മാസം 17ന് പ്രവാസി ഗായകനായ നാദിര്‍ അബ്ദുല്‍ സലാം ജസീറയ്ക്കും മക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നല്‍കുന്ന ഒരു ലക്ഷം രൂപ സമ്മാനത്തിന്റെ വിതരണം ഡല്‍ഹിയില്‍ നടക്കും.