അവരില്‍ ഒരാള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും മന്ത്രിസ്ഥാനം; കര്‍ണാടകത്തില്‍ വിജയമുറപ്പിച്ച ശേഷം യെദിയൂരപ്പ പറയുന്നു
karnataka bypolls
അവരില്‍ ഒരാള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും മന്ത്രിസ്ഥാനം; കര്‍ണാടകത്തില്‍ വിജയമുറപ്പിച്ച ശേഷം യെദിയൂരപ്പ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 12:53 pm

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നീങ്ങുന്ന 12 പേരില്‍ 11 പേര്‍ക്കു താന്‍ മന്ത്രിസ്ഥാനം കൊടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. റാണിബെന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ കുമാറിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

മറ്റ് 11 പേര്‍ക്കും മുന്‍പ് വാഗ്ദാനം ചെയ്തിട്ടുള്ളതാണു മന്ത്രിസ്ഥാനമെന്നും അരുണ്‍ കുമാറിന് അങ്ങനെയൊന്നു നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നാലു ദിവസത്തിനുള്ളില്‍ താന്‍ ദല്‍ഹിയിലേക്കു പോയി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

15 നിയമസഭാ മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പിയാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

105 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ ആകെ സീറ്റ് 117 ആകും. ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതായി പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബാലി അറിയിച്ചു. ഇനി ഈ ജയിച്ച എം.എല്‍.എമാരെ അയോഗ്യര്‍ എന്നു വിളിക്കില്ലെന്നും അവരെ യെദിയൂരപ്പ സര്‍ക്കാര്‍ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസ് ഒറ്റ സീറ്റില്‍പ്പോലും ലീഡ് ചെയ്യുന്നില്ല. ഹോസ്‌കോട്ടെ മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മത്സരിച്ച ബി.ജെ.പി വിമതന്‍ ശരത് ബച്ചെഗൗഡ ലീഡ് ചെയ്യുന്നതാണ് അവര്‍ക്ക് ഏക ആശ്വാസം. 6964 വോട്ടാണ് ഇപ്പോള്‍ ലീഡ്.

ഇപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി മുന്നേറുന്ന മണ്ഡലം ബി.ജെ.പി ലീഡ് ചെയ്യുന്ന ചിക്കബല്ലപുരയിലാണ്. ഡോ. ഡി. സുധാകറാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. ഗോകക്കില്‍ രമേശ് ജാര്‍ക്കിഹോളിയുടെ ലീഡ് 8990 വോട്ടാണ്.

ഹന്‍സര്‍, ശിവാജിനഗര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. യശ്വന്തപുരയില്‍ ബി.ജെ.പി-ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം ഫോട്ടോഫിനിഷിലേക്കാണു നീങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ തോല്‍വി സമ്മതിച്ചെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.