|

മെഡല്‍ മാത്രമല്ല, പോക്കറ്റ് മണിയും ഒരു ലക്ഷം രൂപയും കേരളത്തിന് നല്‍കി ഡിസ്‌ക്കസ് ത്രോ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ തനിക്ക് ലഭിച്ച മെഡല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ത്രോ താരം സീമ പുനിയ. പോക്കറ്റ് മണിയായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നല്‍കിയ 700 യു.എസ് ഡോളറും (ഏകദേശം 50000 രൂപ) വ്യക്തിപരമായി ഒരു ലക്ഷം രൂപയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സീമ വ്യക്തമാക്കി. കൂടാതെ മറ്റു താരങ്ങളോടും കേരളത്തിന് വേണ്ടി സീമ സഹായം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഡിസ്‌ക്ക്സ് ത്രോയില്‍ ലഭിച്ച വെങ്കലം പ്രളയത്തില്‍ നിന്ന് കര കയറുന്ന കേരളത്തിനാണ് സീമ പുനിയ സമര്‍പ്പിച്ചത്.


Read Also : അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് വെറും 34 രൂപയ്ക്ക്; കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിവരാവകാശരേഖയുമായി കോണ്‍ഗ്രസ്


മലയാളി താരങ്ങളായ ജിന്‍സണും അനസും നീനയും വിസ്മയയുമെല്ലാം മെഡല്‍ നേട്ടം കേരളത്തിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മലയാളിയല്ലാത്ത ഒരു അത്ലറ്റ് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം ആദ്യമായാണ് കേരളത്തിന് സമര്‍പ്പിക്കുന്നത്.

മറ്റു കായികതാരങ്ങള്‍ പോക്കറ്റ് മണിയുടെ 50 ശതമാനം എങ്കിലും നല്‍കണമെന്നും മെഡല്‍ നേട്ടം ആഘോഷിക്കില്ലെന്നും സീമ പറഞ്ഞു. ജക്കാര്‍ത്തയില്‍ 62.26 മീറ്റര്‍ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സീമ പൂനിയ സ്വര്‍ണം നേടിയിരുന്നു.