ന്യായ് പദ്ധതിക്കുള്ള പണം മോദിയുടെ സുഹൃത്ത് അനില്‍ അംബാനിയില്‍ നിന്ന് പിടിച്ചെടുക്കും; രാഹുല്‍ ഗാന്ധി
D' Election 2019
ന്യായ് പദ്ധതിക്കുള്ള പണം മോദിയുടെ സുഹൃത്ത് അനില്‍ അംബാനിയില്‍ നിന്ന് പിടിച്ചെടുക്കും; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 2:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കളായ വ്യവസായികളെ വഴിവിട്ട രീതിയല്‍ സഹായിച്ചെന്ന ആരോപണം വീണ്ടും ഉന്നയിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാനം ഉറപ്പു വരുത്തുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കുള്ള പണം മോദിയുടെ ഈ സുഹൃത്തുക്കളില്‍ നിന്ന് തന്നെ പിടിച്ചെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.

‘ഞങ്ങള്‍ ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചൗകിദാറിന്റെ മുഖം മാറുന്നത് കാണാമായിരുന്നു. ന്യായ് പദ്ധതിക്കുള്ള പണം എവിടെ നിന്ന് വരുമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഞാന്‍ പറയുന്നു മോദിജി, പണം നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയില്‍ നിന്ന് വരും’- കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവങ്ങളുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 72,000 രൂപ നിക്ഷേപിക്കുമെന്ന് രാഹുല്‍ റാലിയില്‍ ആവര്‍ത്തിച്ചു.

‘പാവങ്ങള്‍ 15 ലക്ഷം തരാമെന്ന് മോദി പറഞ്ഞു. അത് കള്ളമായിരുന്നു. ഞങ്ങള്‍ സത്യം പുറത്തു കൊണ്ടു വന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് 3.60 ലക്ഷം രൂപ നല്‍കും. പണം അര്‍ഹതപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ ഞങ്ങള്‍ നിക്ഷേപിക്കും’- രാഹുല്‍ പറഞ്ഞു.

റഫാല്‍ കരാറില്‍ മോദി തന്റെ സുഹൃത്തായ അനില്‍ അംബാനിയെ വഴിവിട്ടു സഹായിച്ചു എന്ന് രാഹുല്‍ ആരോപിച്ചു. റഫാല്‍ കരാറിലെ നിരവധി പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഏഴു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങളിലായാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്. ഏപ്രില്‍ 18നും ഏപ്രില്‍ 23 നുമായി കര്‍ണാടകയിലെ പതിനാലു വീതം ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. 1977 മുതല്‍ കര്‍ണാടകയിലെ കോളാര്‍ കോണ്‍ഗ്രസിനൊപ്പമാണ്. സിറ്റിങ് എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന കെ.എച്ച് മുനിയപ്പയാണ് കോളാറില്‍ നിന്ന് ഈ വര്‍ഷവും മത്സരിക്കുന്നത്.