ന്യൂദല്‍ഹി: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഒടുവില്‍ പച്ചക്കൊടി കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു യെദിയൂരപ്പ. മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കുമെന്നാണ് ഇന്ന് യെദിയൂരപ്പ മാധ്യമങ്ങളെ അറിയിച്ചത്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
”രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ അമിത് ഭായില്‍ നിന്നും പട്ടിക എനിക്ക് ലഭിക്കും. മന്ത്രിസഭാ വികസനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ”- എ.എന്‍.ഐയോട് സംസാരിക്കവേ യെദിയൂരപ്പ പറഞ്ഞു.
മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഈമാസം ആദ്യം യെദിയൂരപ്പ ദല്‍ഹിയിലെത്തിയിരുന്നു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടിയായിരുന്നു യെദിയൂരപ്പ ദല്‍ഹിയില്‍ എത്തിയത്.
എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് തിരികെപ്പോയി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷാ യെദിയൂരപ്പയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ കര്‍ണാടകയിലേക്ക് തിരികെപ്പോന്ന യെദിയൂരപ്പ കഴിഞ്ഞ ദിവസം വീണ്ടും ദല്‍ഹിക്ക് യാത്രതിരിക്കുകയായിരുന്നു.
വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യസര്‍ക്കാരിന് അധികാരം നഷ്ടമായിട്ട് ഒരുമാസമായെങ്കിലും ഇതുവരെയും മന്ത്രിസഭാ രൂപീകരണം നടത്താത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്- ദള്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിക്കും യെദിയൂരപ്പയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.
മന്ത്രിമാരില്ലാത്ത മന്ത്രിസഭയാണ് കര്‍ണാടകയിലുള്ളത്. ഇതാണോ ബി.ജെ.പി മിനിമം സര്‍ക്കാര്‍ എന്നുദ്ദേശിക്കുന്നത്. കര്‍ണാടകയ്ക്ക് ഒരു സര്‍ക്കാര്‍ ആവശ്യമാണ്. നമ്മുടെ സംസ്ഥാനത്തെ രാജ്യമെമ്പാടും പരിഹസിക്കപ്പെടാനിടയാക്കുന്നത് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.