മുംബൈ: മഹാരാഷ്ട്രയ്ക്കു പുറമേ രാജ്യത്തുടനീളം ബി.ജെ.പി ഇതര മുന്നണി രൂപീകരിക്കാനൊരുങ്ങി ശിവസേന. ഗോവയില്‍ ബി.ജെ.പിയോടു തെറ്റിപ്പിരിഞ്ഞ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജി.എഫ്.പി) ചേര്‍ന്നു തങ്ങള്‍ സഖ്യം രൂപീകരിക്കുകയാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തു മൂന്ന് എം.എല്‍.എമാരുള്ള ജി.എഫ്.പി കഴിഞ്ഞദിവസം ബി.ജെ.പിയുമായുള്ള സഖ്യം തെറ്റായിപ്പോയെന്നു പറഞ്ഞിരുന്നു. ഗോവ മുന്‍ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായിയാണ് ഈ പ്രസ്താവന നടത്തിയത്. അതേത്തുടര്‍ന്നാണ് സേന ഈ നീക്കം നടത്തിയത്.
മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ ഗോവയിലും ഒരു പുതിയ രാഷ്ട്രീയ മുന്നണി രൂപം കൊള്ളുകയാണെന്നായിരുന്നു റാവത്ത് പറഞ്ഞത്.
‘രാജ്യത്തുടനീളം ഇതു സംഭവിക്കും. മഹാരാഷ്ട്രയ്ക്കു ശേഷം ഇപ്പോള്‍ ഗോവ. അതിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക്. രാജ്യത്ത് ബി.ജെ.പി ഇതര രാഷ്ട്രീയ മുന്നണി രൂപീകരിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.’- റാവത്ത് പറഞ്ഞു.
കഴിഞ്ഞദിവസം വിജയ് സര്‍ദേശായി ബി.ജെ.പിക്കെതിരെ രംഗത്തെത്തിയതു രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ‘പരീക്കറിന്റെ മരണശേഷവും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതൊരു വികാരഭരിതമായ സമയമാണ്. ഇതിനു ഞാന്‍ മാപ്പ് ചോദിക്കുകയാണ്.’- സര്‍ദേശായി ട്വീറ്റ് ചെയ്തു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി.എഫ്.പിക്ക് ആകെ മൂന്ന് സീറ്റുകളാണു ലഭിച്ചത്. തുടര്‍ന്നു പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി അവര്‍ പിന്തുണ നല്‍കിയിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) മൂന്നു സ്വതന്ത്രരും പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പിന്തുണച്ചിരുന്നു.
40 അംഗ നിയമസഭയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 30 പേരുടെ പരസ്യ പിന്തുണയാണുള്ളത്. എന്നാല്‍ ജി.എഫ്.പിയും ഒരംഗമുള്ള എം.ജി.പിയും അവരെ പുറത്തുനിന്നു പിന്തുണയ്ക്കുന്നുണ്ട്.