'വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ളവര്‍ ഒരുമിക്കും, നേരത്തെ മോദി ചെയ്തത് പോലെ': സഖ്യ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ഉദ്ധവ് താക്കറെ
national news
'വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ളവര്‍ ഒരുമിക്കും, നേരത്തെ മോദി ചെയ്തത് പോലെ': സഖ്യ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 8:48 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി വാക്ക് പാലിച്ചില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ട് അത് പാലിച്ചില്ലെന്നും അതേസമയം ഞാന്‍ കള്ളം പറയുകയാണെന്ന് വരുത്തിതീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബി.ജെ.പിയുടെ ഹിന്ദുത്വ എന്നത് ശരിയായ ഹിന്ദുത്വമല്ല. രാമന്റെ തത്വങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ അവരെ രാമ ഭക്തരെന്നോ ഹിന്ദുത്വ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെന്നോ വിളിക്കാന്‍ കഴിയില്ല’ ഉദ്ധവ് താക്കറെ പറഞ്ഞു.

‘ബി.ജെ.പി സഖ്യത്തിനുള്ള എല്ലാ സാധ്യതകളും അടച്ചു. പക്ഷെ ഞങ്ങള്‍ അങ്ങനെയല്ല. ഇപ്പോള്‍ ഗവര്‍ണര്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഞങ്ങള്‍ പൊതു മിനിമം പരിപാടികളെക്കുറിച്ച് ആലോചിക്കണം.മുഫ്തിയെയും മോദിയേയും പോലെ, ബി.ജെ.പിയും ജെ.ഡി.യുവും പോലെ വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികള്‍ ഒരുമിക്കുമെന്നും’ താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബി.ജെ.പിയേയും ശിവസേനയേയും എന്‍.സി.പിയേയും ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിച്ചത് ബി.ജെ.പിയെയായിരുന്നു. എന്നാല്‍ ബി.ജെ.പി ക്ഷണം നിരസിച്ചതിനി പിന്നാലെ ശിവസേനയെ ക്ഷണിച്ചു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവസേന ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. മൂന്നാമതായി ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിക്കുകയായിരുന്നു. എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ