| Sunday, 31st October 2021, 5:36 pm

ഇടതിനേയും വലതിനേയും ഒന്നിച്ച് തീര്‍ക്കും; ബി.ജെ.പി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനര്‍ജി: തൃണമൂല്‍ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല; ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എം.പി.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമബംഗാള്‍ മുന്‍ മന്ത്രിയായ രാജീബ് ബാനര്‍ജിയും ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എയായ ആശിസ് ദാസും റാലിയില്‍ വെച്ച് തൃണമൂലില്‍ ചേരുകയും ചെയ്തു.

തൃണമൂലില്‍ നിന്ന് പാര്‍ട്ടിയുടെ ഒരു കോട്ടയും സുരക്ഷിതമല്ലെന്ന് ബി.ജെ.പിക്ക് സൂചന നല്‍കാനുള്ള ബോധപൂര്‍വമായ നീക്കമാണ് രാജീബ് ബാനര്‍ജിയുടെ തിരിച്ചുവരവിന് അഗര്‍ത്തലയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് നടന്ന റാലിയില്‍ ബി.ജെ.പിക്കെതിരെയും അഭിഷേക് ആഞ്ഞടിച്ചു. ബി.ജെ.പി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണ് എന്നാണ് അഭിഷേക് പറഞ്ഞത്.

ത്രിപുരയിലെ ജനങ്ങള്‍ക്ക് ഈ വാക്‌സിന്‍ രണ്ട് തവണ നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ആദ്യത്തെ ഡോസ് തദ്ദേശ തെരഞ്ഞടുപ്പിലും, രണ്ടാമത്തേത് 2023ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും നല്‍കുമെന്നായിരുന്നു അഭിഷേക് ബാനര്‍ജി പറഞ്ഞത്.

സെപ്‌തെംബര്‍ മുതല്‍ ത്രിപുരയുടെ പല ഭാഗങ്ങളിലുമായി റാലിയും പ്രകടനവും നടത്തി വരികയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ശനിയാഴ്ച കൊവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ത്രിപുര പൊലീസ് റാലി തടഞ്ഞു വെച്ചിരുന്നു. നാലാം തവണയാണ് പൊലീസ് തൃണമൂലിന്റെ റാലി തടയുന്നത്.

എന്നാല്‍ തൃണമൂല്‍ കോടതിയെ സമീപിച്ച് റാലി നടത്താനുള്ള അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. 500 പേരിലധികം ഒരേ സമയത്ത് പങ്കെടുക്കരുത് എന്ന ഉപാധിയോടെയാണ് കോടതി റാലി നടത്താനുള്ള അനുമതി നല്‍കിയത്.

2011മുതല്‍ 2016 വരെ തൃണമൂല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന രാജീബ് ബാനര്‍ജി ജനുവരിയിലായിരുന്നു പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതോടെ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് കൈവന്നിരിക്കുകയാണെന്നാണ് അണികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  “Will Finish Both Left And Right”, Says Trinamool In Tripura

We use cookies to give you the best possible experience. Learn more