തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികലയുടെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
“തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികള്‍ ആണെന്ന പ്രസ്താവന കെ.പി ശശികല നടത്തിയിരുന്നു. ഈ വര്‍ഗീയ പ്രസ്താവനയുടെ വീഡിയോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചൂണ്ടിക്കാണിച്ചതിന് എനിക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസുമായി ശശികല കോടതിയെ സമീപിച്ചിരിക്കുന്നു. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്. അതിനെതിരെ ഞാന്‍ കോടതിയെ സമീപിക്കാന്‍ പോകുകയാണ്. ഇത്തരത്തില്‍ ഭ്രാന്തു പിടിച്ച വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മതേതര കേരളത്തിലെ സര്‍ക്കാര്‍ കര്‍ശന നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന്” മന്ത്രി പറഞ്ഞു.
ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. നമ്മള്‍ ഹിന്ദുക്കള്‍ ഒരുഗതിയും പരഗതിയും ഇല്ലാതെ നാട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ നമ്മുടെ അമ്പലങ്ങളില്‍ 60 ശതമാനം ക്രിസ്ത്യാനികളാണ് എന്നായിരുന്നു ശശികല പ്രസംഗത്തില്‍ പറഞ്ഞത്.
ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഭക്ത ജനങ്ങള്‍ക്കെതിരെയല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിനു പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് പലര്‍ക്കുമുള്ളതെന്നും ശബരിമലയില്‍ ആര്‍.എസ്.എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
“ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബി.ജെ.പിയുടെ കെണിയില്‍പ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. ഈ സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യു.ഡി.എഫ് എങ്കിലും തയ്യാറാവണം എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്” മന്ത്രി പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് സര്‍ക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മല കയറിയേനെ. അത് ആര്‍ക്കും തടയാനും ആകില്ലെന്നും മന്ത്രി പറഞ്ഞു.