| Thursday, 22nd June 2023, 9:00 pm

ബി.ജെ.പിക്കെതിരെ ഒരു കുടുംബത്തെ പോലെ ഒന്നിച്ച് പോരാടും; ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: വിശാല  പ്രതിപക്ഷ  യോഗം ചേരാനിരിക്കെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കുടുംബത്തെ പോലെ ഒന്നിച്ച് ബി.ജെ.പിക്കെതിരെ പോരാടുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. ‘ലാലു പ്രസാദിപ്പോള്‍ പൂര്‍ണ ആരോഗ്യവാണ്. അദ്ദേഹത്തെ കണ്ടെത്തില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങളെല്ലാവരും ഒന്നിച്ച് ബി.ജെ.പിക്കെതിരെ പോരാടി വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ മമത കൂട്ടിച്ചേര്‍ത്തു. മരുമകനും ടി.എം.സി എം.പിയുമായ അഭിഷേക് ബാനര്‍ജിക്കൊപ്പമായിരുന്നു മമത ബാനര്‍ജി കൂടിക്കാഴ്ചക്ക് എത്തിയിരുന്നത്.

രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നായിരുന്നു കൂടിക്കാഴ്ചക്ക് പുറപ്പെടുന്നതിന് മുന്‍പ് മമത പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാര്യത്തിലെല്ലാം അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മമത പറഞ്ഞു.

അതേസമയം, വിശാല പ്രതിപക്ഷ പാര്‍ട്ടി യോഗം നാളെ പട്നയില്‍ വെച്ച് നടക്കും. യോഗത്തില്‍
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തിയേക്കും. ഈ നിര്‍ദേശം ജനതാദളും രാഷ്ട്രീയ ജനതാദളും വിശാല പ്രതിപക്ഷ യോഗത്തില്‍ മുന്നോട്ട് വെച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പട്നയില്‍ നാളെ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ഇരുപതോളം പ്രതിപക്ഷപാര്‍ട്ടികള്‍ പങ്കെടുത്തേക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ (എ.എ.പി), മമത ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍(ഡി.എം.കെ), അഖിലേഷ് യാദവ് ((സമാജ് വാദി പാര്‍ട്ടി),), സീതാറാം യെച്ചൂരി (സി.പി.ഐ.എം) മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.

നാളെ നടക്കുന്ന വിശാല പ്രതിപക്ഷ യോഗം ഏറെ നിര്‍ണായകമാകുമെന്ന് ജെ.ഡി.യു വക്താവും നിതീഷ് കുമാറിന്റെ ഉപദേശകനുമായ കെ.സി ത്യാഗി പറഞ്ഞിരുന്നു. ‘ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ നാളെ ചര്‍ച്ച നടത്തും,’ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയുള്ള ചര്‍ച്ചയായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുമോയെന്നതാണ് വെല്ലുവിളിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ വിട്ടുനല്‍കാന്‍ സമാജ്‌വാദി പാര്‍ട്ടി തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളാകും കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സൂചന. ദല്‍ഹിയില്‍ 3:4 എന്ന ഫോര്‍മുലയില്‍ തീരുമാനത്തിലെത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: will fight together like a family: Mamatha banergee

We use cookies to give you the best possible experience. Learn more