| Tuesday, 4th April 2023, 2:11 pm

മധുവിന് പൂര്‍ണമായി നീതി ലഭിച്ചിട്ടില്ല; വെറുതെവിട്ട പ്രതികള്‍ കൂടി ശിക്ഷിക്കപ്പെടണം; കോടതി വിധിയില്‍ പ്രതികരിച്ച് മധുവിന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എല്ലാ പ്രതികള്‍ക്കും ശിക്ഷ ലഭിച്ചാല്‍ മാത്രമേ മധുവിന് നീതി ലഭിക്കൂവെന്നും കുടുംബം. രണ്ട് പേരെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍ പോകുമെന്നും കുടുംബം വ്യക്തമാക്കി.

അഞ്ച് വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് മധു കേസില്‍ കോടതി വിധി പറയുന്നത്. 16 പേരില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി വിധിച്ചു.

കോടതിയോട് നന്ദി പറയുകയാണെന്നും രണ്ട് പേരെ വെറുതെവിട്ട നടപടിയില്‍ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു. അവഗണനയും ഭീഷണിയും തുടങ്ങി നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് കേസ് ഇവിടെ വരെ എത്തിയതെന്നും സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇത്രയും താഴെക്കിടയില്‍ നിന്ന് കേസ് ഇവിടെ വരെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കോടതിയോട് നന്ദി പറയുന്നു. മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല.

പതിനാറ് പേരും ശിക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് പോരാടിയത്. എന്നാല്‍ രണ്ട് പേരെ വെറുതെ വിട്ടു. ഇവരെ കൂടി ശിക്ഷിക്കുന്നതിനായി പോരാടും,’ മധുവിന്റെ സഹോദരി പറഞ്ഞു.

കേസില്‍ നാലാം പ്രതിയായ അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് വെറുതെവിട്ടത്.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. 27 വയസായിരുന്നു കൊല്ലപ്പെടുമ്പോള്‍ മധുവിന്റെ പ്രായം.

കാടിനുസമീപത്തെ കവലയായ മുക്കീലിയിലെ കടയില്‍ നിന്ന് അരിയും മറ്റ് പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ആള്‍ക്കൂട്ടം മധുവിനെ ചോദ്യം ചെയ്യുകയും പിന്നാലെ അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പൊലീസെത്തി മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മധു ജീപ്പില്‍ വച്ച് ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരക്ഷതമാണു മരണകാരണമെന്നു പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ശരീരത്തില്‍ 42 മുറിവുകളെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Will fight for justice says Madhu’s Family

We use cookies to give you the best possible experience. Learn more