| Wednesday, 15th August 2012, 11:06 am

ഹിനാ റബ്ബാനിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും വെല്ലുവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും വെല്ലുവിളി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും പാര്‍ലമെന്റംഗവുമായ ജംഷദ് ദസ്തിയാണ് ഹിനക്കെതിരെ രംഗത്തെത്തിയത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഹിനയുടെ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് ദസ്തി പറയുന്നത്. []

നല്ല ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവാണ് ദസ്തി. സ്വന്തം തീരുമാനപ്രകാരമല്ല, ജനങ്ങളുടെ ആവശ്യപ്രകാരമാണ് പഞ്ചാബില്‍ മത്സരിക്കുന്നതെന്ന് ദസ്തി മുള്‍ത്താനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ മാത്രമാണ് ഹിന റബ്ബാനി ഖര്‍ സ്വന്തം മണ്ഡലം സന്ദര്‍ശിച്ചതെന്നും പഞ്ചാബിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നും ദസ്തി പറഞ്ഞു. ഹിനയുടെ മണ്ഡലത്തിലുള്ളവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് സമീപിക്കുന്നത്. പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ കേസ് അന്വേഷിക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ സുപ്രീംകോടതി അയോഗ്യനാക്കിയാല്‍ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുമെന്നും ദസ്തി പ്രഖ്യാപിച്ചു.

ബിരുദമില്ലാത്തവര്‍ സ്ഥാനാര്‍ഥികളാകാന്‍ പാടില്ല എന്ന അന്നത്തെ നിയമപ്രകാരം പിതാവ് ഗുലാം നൂര്‍ റബ്ബാനി ഖറിന് 2008ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഹിന റബ്ബാനി ഖര്‍ സ്ഥാനാര്‍ഥിയായതും വിജയിച്ചതും. അടുത്ത തിരഞ്ഞെടുപ്പില്‍ പിതാവിനുവേണ്ടി ഹിന സീറ്റൊഴിഞ്ഞ് നല്‍കുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആര് മത്സരിച്ചാലും താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ദസ്തി ഉറപ്പിച്ച് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more