പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍ മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം
Email: info@nrklegal.com
ചോദ്യം: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാകുമോ?
ഒരു ഇടവേളക്കുശേഷം പ്രവാസി വോട്ടവകാശം എന്ന ആശയം വീണ്ടും സജീവമായി പ്രവാസി സമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ? അടുത്തകാലത്തായി നിരവധി പ്രവാസി സംഘടനകള്‍ വോട്ടവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വെബിനാറുകളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാകുന്നതിനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?
അര്‍ഷാദ്, അബുദാബി
2024 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കാനുള്ള ഒരു സാധ്യതയും ഇല്ല. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നതിനുമുമ്പ് പ്രവാസി വോട്ടവകാശത്തിന്റെ ചരിത്രവശങ്ങളിലേക്ക് പോകേണ്ടതുണ്ട്.
1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചിരുന്നു. പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാന്‍ ഭരണഘടനാശില്പികള്‍ക്കായിരുന്നില്ല. എന്നിരുന്നാലും ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതിനാല്‍ പ്രവാസികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.
1970-കളിലെ ഗള്‍ഫ് ബൂമിനെത്തുടര്‍ന്ന് ധാരാളം ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങള്‍ക്കും വോട്ടവകാശം വേണം എന്ന ആശയം ഉയര്‍ന്നുവരുന്നത്. നാട്ടില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സജീവമായിരുന്ന അവര്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം മനോവ്യഥ ഉണ്ടാക്കുന്ന ഒന്നായിരുന്നു.
2003-ല്‍ പ്രവാസി ഭാരതീയ ദിവസ് (PBD) ആരംഭിച്ചതിനുശേഷമാണ് പ്രവാസി വോട്ടവകാശം ശക്തമായും മൂര്‍ത്തമായും ഉന്നതതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങിയത്.
PBD-യിലെ പ്രവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്‌സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്നതായിരുന്നു.
2010-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസ്സംബ്ലി/ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു.
എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരുന്ന കാര്യത്തോട് അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു.
ഈ കാലഘട്ടത്തില്‍ നിലവിലുള്ള പ്രവാസി വോട്ടവകാശത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ വിദേശത്തുനിന്നും വോട്ടുചെയ്യുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില പ്രവാസിസംഘടനകള്‍ മുന്നോട്ടുവന്നിരുന്നു. അവയില്‍ എടുത്തുപറയേണ്ട ഒരു ഹര്‍ജിയായിരുന്നു 2014-ല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം എ യൂസഫലിയുടെ മരുമകനും യു എ ഇ വ്യവസായിയുമായ ഡോ. ഷംസീര്‍ വയലിലിന്റെ സുപ്രീം കോടതിയിലുള്ള പൊതുതാല്പര്യഹര്‍ജി. ഇതിന് ധാരാളം മാധ്യമശ്രദ്ധ കിട്ടുകയുണ്ടായി.
ഇതിന്റെ നാള്‍വഴികളിലേക്കൊന്ന് പോകാം:ഏപ്രില്‍ 2014: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് അവകാശം ആവശ്യപ്പെട്ട് ഡോ. വയലില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. മണ്ഡലത്തില്‍ ശാരീരിക സാന്നിധ്യം കൊണ്ട് മാത്രം വോട്ട് ചെയ്യണമെന്ന നിലവിലുള്ള വ്യവസ്ഥ വിവേചനപരവും പ്രവാസികളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം വാദിച്ചു.
ഒക്ടോബര്‍ 2014: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇ.സി.ഐ) നിര്‍ദ്ദേശിച്ചു, ഇ-പോസ്റ്റല്‍ ബാലറ്റ് എന്ന ഓപ്ഷന്‍ ഇ.സി.ഐ നിര്‍ദ്ദേശിച്ചു, അത് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു. ഓഗസ്റ്റ് 2018: പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിംഗ് സാധ്യമാക്കുന്നതിന് 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു, ഈ വിഷയത്തില്‍ ഇ.സി.ഐയുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരാഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ടിംഗ് സൗകര്യം പ്രാപ്തമാക്കുന്ന ജനപ്രാതിനിധ്യ (ഭേദഗതി) ബില്‍ 2017 ലോക്സഭ പാസാക്കി, രാജ്യസഭയില്‍ അവതരണത്തിനായി കാത്തിരിക്കുകയായിരുന്നു.
ഫെബ്രുവരി 2020: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് അവകാശം ആവശ്യപ്പെട്ട് ഡോ. വയലില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഇസിഐക്കും നോട്ടീസ് അയച്ചു, എട്ടാഴ്ചയ്ക്കകം പ്രതികരണങ്ങള്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.ഓഗസ്റ്റ് 2020: പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം നടപ്പിലാക്കുന്നതിലെ കാലതാമസത്തില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും, നടപടികള്‍ വേഗത്തിലാക്കാനും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രത്തോടും ഇസിഐയോടും ആവശ്യപ്പെട്ടു.
ഫെബ്രുവരി 2021: പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യത്തിന്റെ നില സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും ഇസിഐക്കും സുപ്രീം കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു, കൂടാതെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് 2021 മാര്‍ച്ചിലേക്ക് മാറ്റി.
മാര്‍ച്ച് 2021: ഡോ. വയലില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയും വിഷയത്തില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യത്തിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രവും ഇ.സി.ഐയും സമര്‍പ്പിച്ചു. 2021 മാര്‍ച്ചിനുശേഷം കേസിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
എന്താണ് നിലവിലുള്ള അവസ്ഥ? പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ വിവിധ വശങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറും ഇലക്ഷന്‍ കമ്മീഷനും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടു സാധ്യതകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്:
1. ഇ-പോസ്റ്റല്‍ വോട്ട്
2. പ്രോക്സി വോട്ട്
ഇ പോസ്റ്റല്‍ വോട്ട് പ്രകാരം പ്രവാസി വോട്ടര്‍ ഒരു അപേക്ഷ റിട്ടേണിങ് ഓഫീസര്‍ക്ക് നേരിട്ടോ ഓണ്‍ലൈന്‍ ആയോ അയക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവാസിക്ക് ഇലക്ട്രോണിക് ബാലറ്റ് കിട്ടുകയും ചെയ്യുന്നു.പ്രോക്സി വോട്ടിങ് പ്രകാരം പ്രവാസിക്കുവേണ്ടി പകരം ഒരു വ്യക്തി നാട്ടില്‍ വോട്ട് ചെയ്യുന്നു. ഈ രണ്ട് സാധ്യതയും ഇപ്പോള്‍ മിലിട്ടറി സര്‍വ്വീസിലുള്ളവര്‍ക്കും വിദേശങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാണ്.
എന്നാല്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണക്കൂടുതലും വിദേശങ്ങളില്‍ വസിക്കുന്ന വോട്ടര്‍മാരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താനുള്ള അടിസ്ഥാനസൗകര്യങ്ങളും ലോജിസ്റ്റിക്കും പരിമിതമായതിനാലും സമ്മതിദാനാവകാശ പ്രക്രിയയുടെ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകാത്തതിനാലും കൃത്യമായ ഒരു തീരുമാനം എടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനോ ഇലക്ഷന്‍ കമ്മീഷനോ കൃത്യമായ ഒരു മറുപടി സുപ്രീം കോടതിയില്‍ കൊടുക്കാനും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ ഉത്തരവ് നീണ്ടുനീണ്ടു പോകുകയാണ്. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി വോട്ട് രേഖപ്പെടുത്താനുള്ള യാതൊരു സാധ്യതയും ഇല്ല.
അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com
content highlights: Will expatriate voting rights become a reality in 2024 general elections?
എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം