എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റി വിടുമോ?
club football
എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റി വിടുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 6:24 pm

പെപ്പ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ പ്രീമിയർ ലീഗിൽ തങ്ങളുടെ തേരോട്ടം തുടരുകയാണ് മാൻസിറ്റി.

ബൊറൂസിയാ ഡോർട്മുണ്ടിൽ നിന്നും 52 മില്യൺ യൂറോക്കാണ് ഹാലണ്ട് സിറ്റിയിലേക്ക് എത്തിയത്. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റിയുടെ സ്ഥാനം. കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് ട്രോഫി ലക്ഷ്യം വെച്ചാണ് ക്ലബ്ബ് മുന്നോട്ട് കുതിക്കുന്നത്. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 18 ഗോളുകളുമായി മുന്നോട്ട് കുതിക്കുന്ന സിറ്റിയുടെ പ്രധാന ചാലക ശക്തി ഹാലണ്ടാണ്‌.

എന്നാലിപ്പോൾ ഹാലണ്ട് സിറ്റി വിടുമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്.

ഹാലൻഡിന്റെ പിതാവും മുൻ പ്രൊഫഷണൽ ഫുട്ബോളറുമായ ആൽഫീ ഹാലണ്ടിന്റെ വാക്കുകളെ ചുറ്റിപറ്റിയാണ് ഈ പ്രചാരണങ്ങൾ നടക്കുന്നത്.
ഹാലണ്ടിന് ഏത് ലീഗിൽ വേണമെങ്കിലും കളിക്കാനുള്ള ശേഷിയുണ്ടെന്നും ഏത് ലീഗും വിജയിക്കാനുള്ള പ്രാപ്തിയുണ്ടെന്നുമാണ് ആൽഫി പറഞ്ഞത്.

“അവൻ രണ്ടര വർഷം ജർമനിയിൽ ചിലവഴിച്ചതിൽ നിന്നും എന്തും നേരിടാനുള്ള പ്രാപ്തി നേടിയെടുത്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു
“മൂന്ന് വർഷം കൂടി പ്രീമിയർ ലീഗിൽ കളിച്ചാൽ ഇറ്റലിയിലോ, സ്പെയിനിലോ, ഫ്രാൻസിലോ ലോകത്തിൽ എവിടെ വേണമെങ്കിലും അവന് കളിക്കാൻ സാധിക്കും,’ ആൽഫി കൂട്ടിച്ചേർത്തു.

കൂടാതെ ഇപ്പോൾ വേണമെങ്കിലും ഏത് ലീഗിലും കളിക്കാനുള്ള ശേഷി അവനുണ്ടെന്നും ആൽഫി പറഞ്ഞു.
പക്ഷെ നിലവിൽ സിറ്റിയിൽ കളിക്കുന്നതിൽ അവൻ സന്തോഷവാനാണെന്നും ആൽഫി പറഞ്ഞു.

“15 വർഷം വേണമെങ്കിലും തുടർച്ചയായി സിറ്റിയിൽ കളിക്കാൻ നിലവിലെ അവസ്ഥയിൽ അവന് പറ്റും. കാരണം സിറ്റിയിൽ അത്രത്തോളം അവൻ സന്തോഷം അനുഭവിക്കുന്നുണ്ട്,’ആൽഫി പറഞ്ഞു.

നിലവിൽ 2027 വരെയാണ് സിറ്റിയിൽ ഹാലണ്ടിന് കരാറുള്ളത്. ഒരു പ്രോപ്പർ സ്ട്രൈക്കറുടെ അഭാവത്തിൽ ചാമ്പ്യൻസ് ലീഗ് അകന്ന് നിന്ന സിറ്റിക്ക് വലിയ പ്രതീക്ഷ തന്നെയാണ് ഹാലൻഡിന്റെ സൈനിങ് നൽകുന്നത്. നിലവിൽ പെപ്പിന് കീഴിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്.

Content Highlights:Will Erling Haaland leave Manchester City