| Wednesday, 3rd June 2020, 6:40 pm

ടി.വിയോ മൊബൈലോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും ക്ലാസ് നഷ്ടപ്പെടില്ല; അവസാനത്തെ കുട്ടിയ്ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.വിയോ മൊബൈലോ ഇല്ലെന്നതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും ക്ലാസ് നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ക്ലാസ് ലഭ്യമാകാത്തവര്‍ക്കായി വിക്ടേഴ്‌സ് ചാനല്‍ പുനസംപ്രേഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അവസാനത്തെ കുട്ടിയ്ക്കും പഠനമൊരുക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഏറെ ദു:ഖകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവികയുടെ മരണത്തല്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇരുമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ദേവിക

വീട്ടിലെ ടെലിവിഷന്‍ കേടായതിനാല്‍ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. അതിന്റെ വിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

തിങ്കളാഴ്ച വൈകീട്ടാണ് വളാഞ്ചേരി മാങ്കേരി ദളിത് കോളനിയില്‍ വീടിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നന്നായി പഠിക്കുമായിരുന്ന കുട്ടിക്ക് വിദ്യാഭ്യാസം തടസപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more