| Sunday, 14th April 2019, 7:49 pm

രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാര്‍; കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മിലെ സഖ്യ ധാരണയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ അനുകൂല പ്രതികരണവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. അമിത് ഷായില്‍ നിന്നും നരേന്ദ്ര മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാറെന്നായിരുന്നു സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് കെജ്‌രിവാള്‍ നല്‍കിയ മറുപടി.

‘രാജ്യം അപകടത്തിലാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ എന്തിനും തയ്യാര്‍. അമിത് ഷായേയു നരേന്ദ്ര മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും’- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇ.വി.എമ്മുകളുടെ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുക്കവേ കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെജ്‌രിവാള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലിനോട് സഖ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘അദ്ദേഹത്തിന് അതിനെ പറ്റി കൂടുതല്‍ പറയാനാകും’, എന്ന് പറഞ്ഞ് അരവിന്ദ് കെജ്‌രിവാളിനോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ദല്‍ഹിയിലും, ഹരിയാനയിലും, ചണ്ഡീഗഡിലും കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി ഇപ്പോഴും സഖ്യത്തിന് തയ്യാറാണെന്ന് എ.എ.പി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കഴിഞ്ഞ ദിവസം അറിയിച്ചുരുന്നു. എന്നാല്‍ ദല്‍ഹിയില്‍ മാത്രമായി കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാവില്ലെന്നും മനീഷ് പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം രാജ്യത്തിന് ഭീഷണിയാണെന്ന് ഇടയ്ക്കിടെ തെളിയിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ കൂട്ടു കെട്ടിനെ പിടിച്ചു കെട്ടലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് ആവശ്യം ബി.ജെ.പിക്കെതിരെ ഐക്യമുള്ള ഒരു പ്രതിപക്ഷമാണ്. മോദി-ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തമ്മിലുള്ള അഭിപ്രയാവ്യത്യാസങ്ങള്‍ രമ്യപ്പെടുത്താന്‍ തയ്യാറാണ്’- എന്നായിരുന്നു മനീഷ് പറഞ്ഞത്.

സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസുമായി കഴിഞ്ഞ ഒരാഴ്ചയായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും, ഹരിയാന, ദല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി 33 സീറ്റുകളില്‍ സഖ്യം രൂപീകരിക്കാമെന്ന് എ.എ.പി കോണ്‍ഗ്രസിനോട് അഭിപ്രായപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതില്‍ 23 സീറ്റുകളിലും പ്രധാന എതിരാളികള്‍ എന്‍.ഡി.എ ആയിരുന്നു.

‘എന്നാല്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം സമയം കളയുകയായിരുന്നു. സഖ്യം രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഒടുവില്‍ ദല്‍ഹിയില്‍ മാത്രം സഖ്യം രൂപീകരിക്കാമെന്ന് പറയുകയായിരുന്നു. ദല്‍ഹിയില്‍ മാത്രം സഖ്യം ഉണ്ടാക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല’- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ദല്‍ഹിയില്‍ ഇരു പാര്‍ട്ടികളും ഏതാണ്ട് സഖ്യ ധാരണയില്‍ എത്തിയിരുന്നെന്നും, മറ്റു സംസ്ഥാനങ്ങളെ ഇതില്‍ വലിച്ചിഴച്ചത് ശരിയായില്ലെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more