ചെന്നൈ: രണ്ടുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കിയിറങ്ങാനൊരുങ്ങി ഡി.എം.കെ. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇതിനായി എത്തുകയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2014-ല്‍ രാജ്യത്ത് ബി.ജെ.പിയെയും ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും അധികാരത്തിലെത്തിച്ചതും പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെയും ബിഹാറില്‍ നിതീഷ് കുമാറിനെയും മുഖ്യമന്ത്രിമാരാക്കിയതും പ്രശാന്താണ്.
മാത്രമല്ല, മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെ നടത്തിയ ജന്‍ ആശീര്‍വാദ് യാത്രയുടെ സൂത്രധാരനും പ്രശാന്താണ്.
പ്രശാന്തിനെ തങ്ങളിലേക്കെത്തിക്കാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സജീവമാക്കിയിട്ടുണ്ട്. ഈയാഴ്ച ആദ്യം സ്റ്റാലിനും പ്രശാന്തും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും തീരുമാനം ഇതിലുണ്ടായോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
2011, 2016 വര്‍ഷങ്ങളില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയോടു പരാജയപ്പെട്ടതിന്റെ ക്ഷീണം ഡി.എം.കെയ്ക്കു മറികടക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായി മൂന്നു തോല്‍വികള്‍ അവരുടെ രാഷ്ട്രീയഭാവിയെത്തന്നെ ബാധിക്കാനിടയുണ്ട്.
2016-ലും ഈവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രജ്ഞനായിരുന്ന സുനില്‍ ഈ സ്ഥാനം രാജിവെച്ചുകഴിഞ്ഞു. പ്രശാന്തിനൊപ്പം സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് ആരംഭിച്ചത് സുനിലാണ്. സുനിലിന്റെ പിന്മാറ്റം പ്രശാന്തിന്റെ വരവിനാണോ എന്ന കാര്യം മാത്രമാണ് ഇനിയറിയാനുള്ളത്.
ജയലളിതയുടെ അഭാവത്തില്‍ എ.ഐ.എ.ഡി.എം.കെ ദുര്‍ബലമാണെങ്കിലും 2021-ല്‍ സ്റ്റാലിനെ കാത്തു മറ്റു ചിലതിരിപ്പുണ്ട്. രാഷ്ട്രീയ പ്രവേശം നടത്താനിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി അദ്ദേഹം കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നതോടെ ത്രികോണപ്പോരിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നീങ്ങാനും സാധ്യതയുണ്ട്.
ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പാര്‍ട്ടി വിജയം കണ്ടതിനു പ്രധാന കാരണം സംസ്ഥാനത്തുടനീളം അലയടിച്ച മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രസര്‍ക്കാരിന്റെ ബി ടീമായി എ.ഐ.എ.ഡി.എം.കെയെ അവതരിപ്പിച്ചാണ് ഡി.എം.കെ അന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഇതെത്തുമ്പോള്‍ മോദിവിരുദ്ധനായ കമല്‍ ഹാസനും അദ്ദേഹത്തിനൊപ്പം ചേരാന്‍ സാധ്യതയുള്ള രജനീകാന്തിനും കാര്യങ്ങള്‍ അനുകൂലമായേക്കാം. ഇതൊരു മൂന്നാം മുന്നണിയെന്ന നിലയില്‍ ഇപ്പോഴേ സ്റ്റാലിനു മുന്നില്‍ ഭീഷണിയായി മാറിക്കഴിഞ്ഞു.
അതേസമയം ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എ.ഐ.എ.ഡി.എം.കെ മത്സരിക്കാനിറങ്ങിയാല്‍ ഇതിനൊക്കെ ഒരു പരിധി വരെ പ്രസക്തിയില്ലാതാവും. പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ അസ്വസ്ഥരുമാണ്. അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എ.ഐ.എ.ഡി.എം.കെ എത്തിയാല്‍ അത്ഭുതപ്പെടാനില്ല.
ഇത്രയധികം വെല്ലുവിളികള്‍ അതിജീവിക്കാനാണ് പ്രശാന്ത് കിഷോറിനെപ്പോലൊരു തലച്ചോറിനെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏല്‍പ്പിക്കാന്‍ സ്റ്റാലിന്‍ ശ്രമിക്കുന്നത്.