ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഉലകനായകന്‍ കമലഹാസനെ നായകനാക്കി പുറത്തിറക്കിയ വിക്രമാണ് ലോകേഷിന്റെ പുതിയ സിനിമ. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായി തുടരുകയാണ്.
പ്രദര്‍ശനമാരംഭിച്ചതിന് പിന്നാലെ വിക്രമും കാര്‍ത്തി നായകനായ കൈതിയും തമ്മിലുള്ള സാമ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
കൈതിയില്‍ നരേന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രവും, ഹരീഷ് പേരടിയുടെ സ്റ്റീഫനുമൊക്കെ ഇരുചിത്രങ്ങളിലും കാണാവുന്ന കഥാപാത്രങ്ങളാണ്.
ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ഒരേ യൂണിവേഴ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്ത ചിത്രങ്ങളില്‍ വന്നു പോകുന്ന രീതിയാണ് ലോകേഷ് വിക്രമിലും പരീക്ഷിച്ചിരിക്കുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ലോകേഷ് യൂണിവേഴ്‌സില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കും ഇപ്പോള്‍ ഇറങ്ങിയ ചിത്രങ്ങളുമായി ബന്ധം ഉണ്ടായേക്കാമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ് എത്തിയിരിക്കുന്നത്.
യൂണിവേഴ്‌സ് ഉണ്ടാക്കിയതിന്റെ കാരണം തന്നെ അതാണെന്നാണ് ലോകേഷിന്റെ അഭിപ്രായം.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
‘യൂണിവേഴ്‌സ് ഉണ്ടാക്കിയത് തന്നെ അതിനാണ്. അടുത്ത സ്റ്റേജിലേക്ക് പോകുമ്പോള്‍ ഈ കഥാപാത്രങ്ങളെയെല്ലാം തമ്മില്‍ മീറ്റ് ചെയ്യിപ്പിക്കണം എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ ലോകേഷ് പറഞ്ഞു.
രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.